മറീനയിലെ സംസ്കാരങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികൾ പിൻവലിച്ചു

By Web TeamFirst Published Aug 8, 2018, 9:12 AM IST
Highlights

ജയലളിതയുടെ ശവസംസ്കാരം മറീനയിൽ നടന്നതിന് പിന്നാലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ ട്രാഫിക് രാമസ്വാമിയടക്കമുള്ളവർ മറീനാ ബീച്ചിനെ ശവപറമ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറ് ഹർജികളാണ് ഈ വിഷയത്തിൽ ഹൈക്കോടതിയിലെത്തിയത്.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ സംസ്കാരത്തെച്ചൊല്ലി അനിശ്ചിതത്വത്തിന് അവസാനമാകുന്നു. മറീനയിലെ സംസ്കാരങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികൾ പിൻവലിച്ചു. ട്രാഫിക് രാമസ്വാമിയുടേതടക്കം 5 ഹർജികളാണ് പിൻവലിച്ചത് . എതിർപ്പില്ലെന്ന് എഴുതി നൽകാൻ ട്രാഫിക് രാമസ്വാമിയോട് കോടതി ആവശ്യപ്പെട്ടു.

ജയലളിതയുടെ ശവസംസ്കാരം മറീനയിൽ നടന്നതിന് പിന്നാലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ ട്രാഫിക് രാമസ്വാമിയടക്കമുള്ളവർ മറീനാ ബീച്ചിനെ ശവപറമ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറ് ഹർജികളാണ് ഈ വിഷയത്തിൽ ഹൈക്കോടതിയിലെത്തിയത്. ഇതിൽ വാദം പുരോ​ഗമിക്കുന്നതിനിടെയാണ് കരുണാനിധിയുടെ മരണം. 

എന്നാൽ ഹർജി നൽകിയ ഈ അഞ്ച് പേരിൽ നാല് പേരും കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചിൽ നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാരായ പിഎംകെ നേതാവ് വി.കെ.ബാലു, അഭിഭാഷകനായ ദുരൈ സ്വാമി എന്നിവർ തങ്ങളുടെ ഹർജി പിൻവലിക്കുന്നതായി രാത്രി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. കരുണാനിധിയുടെ സംസ്കാരം മറീനയിൽ നടത്തുന്നതിൽ തങ്ങൾക്ക് അഭിപ്രായമൊന്നുമില്ലെന്നാണ് ട്രാഫിക് രാമസ്വാമിയുടേയും മറ്റൊരു ഹർജിക്കാരന്റേയും അഭിഭാഷകർ കോടതിയെ അറിയിച്ചത്. 

കരുണാനിധിയുടെ ശവസംസ്കാര സ്ഥലം സംബന്ധിച്ച നിലപാടിൽ എഐഡിഎംകെയുടേത് ഇരട്ടത്താപ്പെന്ന് ഡിഎംകെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് സർക്കാരിന് മറുപടി പറയാനായില്ല. എംജിആറിനും ജയലളിതയ്ക്കും കിട്ടിയ നീതി കരുണാനിധിക്ക് നിഷേധിച്ചെന്നും ഡിഎംകെയുടെ അഭിഭാഷകന്‍ അഡ്വ ശരവണന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
 

click me!