ഖത്തറിലെ പുതിയ തൊഴില്‍ കരാര്‍; ഇതുവരെയുള്ള സേവനകാലം കൂടി ഉള്‍പെടുത്തും

By Web DeskFirst Published Dec 1, 2016, 7:04 PM IST
Highlights

ദോഹ: ഖത്തറില്‍ ഡിസംബര്‍ പതിമൂന്നിന് നിലവില്‍ വരുന്ന പുതിയ തൊഴില്‍ കരാറില്‍ തൊഴിലാളിയുടെ ഇതുവരെയുള്ള സേവനകാലം കൂടി ഉള്‍പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രാവര്‍ത്തികമായാല്‍ നിലവിലെ തൊഴിലുടമക്കായി ജോലി ആരംഭിച്ച ദിവസം മുതലുള്ള കാലയളവായിരിക്കും പുതിയ തൊഴില്‍ കരാറില്‍ ഉള്‍പെടുത്തുക. ഇതനുസരിച്ച് നിലവില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

നിലവിലുള്ള  2009 ലെ നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ് നിയമം ഭേദഗതി ചെയ്താണ് വിദേശ തൊഴിലാളികളുടെ പോക്കുവരവും താമസവും സംബന്ധിച്ച പുതിയ നിയമം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 2015 ല്‍ അമീര്‍ അംഗീകാരം നല്‍കിയ നിയമം കഴിഞ്ഞ ഡിസംബര്‍ പതിമൂന്നിനാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിച്ചത്. പതിമൂന്നിന് നിലവില്‍ വരുന്ന പുതിയ തൊഴില്‍ നിയമം അനുസരിച്ച് തുറന്ന തൊഴില്‍ കരാറുകളില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും അല്ലാത്ത കരാറുകളില്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്കും നിലവിലുള്ള തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളികള്‍ക്ക് മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് മാറാനാവും.

കരാര്‍ കാലാവധി അവസാനിക്കും മുമ്പ് തൊഴില്‍ മാറാനുള്ള താല്‍പര്യം തൊഴിലാളി തൊഴിലുടമയെ അറിയിച്ചിരിക്കണം. ജോലി മാറുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്‍റെ അനുമതിയും ആവശ്യമായി വരും. തൊഴിലുടമ അനുവദിച്ചാല്‍ കരാര്‍ കാലാവധിക്ക് മുമ്പും ജോലി മാറാന്‍ കഴിയും. ഇതിനു പുറമെ തൊഴിലുടമ കരാര്‍ ലംഘനം നടത്തിയെന്നും ആനുകൂല്യങ്ങള്‍ നിഷേധിച്ചുവെന്നും തൊഴില്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാലും ജോലി മാറാവുന്നതാണ്. പഴയ കരാര്‍ അവസാനിച്ചാല്‍ പുതിയ ജോലി കണ്ടെത്താന്‍ മൂന്നു മാസത്തെ കാലാവധി മന്ത്രാലയം അനുവദിക്കും.

ഇക്കാലയളവില്‍ തൊഴില്‍ കണ്ടെത്താനായില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. എക്‌സിറ്റ് പെര്‍മിറ്റിലും പുതിയ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രാജ്യത്തിനു പുറത്തു പോകണമെങ്കില്‍ തൊഴിലുടമക്കാണ് ആദ്യം അപേക്ഷ നല്‍കേണ്ടതെങ്കിലും തൊഴിലുടമ അപേക്ഷ നിരസിച്ചാല്‍ ഇതിനായുള്ള പ്രത്യേക കമ്മറ്റിയെ സമീപിക്കാവുന്നതാണ്. അതേസമയം നിലവില്‍ ഒരു കമ്പനിയിലോ സ്‌പോണ്‍സറുടെ കീഴിലോ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരാള്‍ പഴയ സ്‌പോണ്‍സറുടെ കീഴില്‍ കരാറില്‍ ഒപ്പുവെക്കാന്‍ തയാറായില്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ് മാറ്റം അനുവദിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

 

click me!