റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ രാഹുലിന് ഇരിപ്പിടം നാലാം നിരയില്‍

By Web DeskFirst Published Jan 25, 2018, 7:12 PM IST
Highlights

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ നാലാം നിരയില്‍ ഇരിപ്പിടം അനുവദിച്ചത് വിവാദത്തില്‍. ബി.ജെ.പി രാഹുലിനെ അപമാനിച്ചുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. കനത്ത സുരക്ഷയിലാണ് രാജ്യം നാളെ 69-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നപ്പോള്‍ റിപ്പബ്ലിക് ദിനപരേഡ് കാണാന്‍ മുന്‍ നിരയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇരിപ്പിടം അനുവദിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അനുവദിച്ചത് നാലാംനിരയിലെ ഇരിപ്പിടം. എം.പി അല്ലാതിരുന്നപ്പോള്‍ പോലും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് മുന്‍ നിരയില്‍ സ്ഥാനം നല്‍കിയിരുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസ്, പരേഡ‍് കാണാന്‍ രാഹുല്‍ എത്തുമെന്നും അറിയിച്ചു. 

അതിനിടെ അതിഥികളായെത്തിയ ആസിയാന്‍ രാഷ്‌ട്രത്തലവന്‍മാര്‍ക്കുനേരെ ഭീകരാക്രമണമുണ്ടാകാന്‍ ഇടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കി. ദില്ലി ഇന്ധിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് നാളെ രാവിലെ 10.30നും 12.15നും ഇടയില്‍ വിമാന സര്‍വ്വീസ് നിരോധിച്ചു. വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും മന്ത്രാലയങ്ങളുടേതുമായി 23 കലാപ്രകടനങ്ങള്‍ ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. ഓച്ചിറ കെട്ടുകാഴ്ച്ചയുമായാണ് കേരളമെത്തുന്നത്. നാലു വര്‍ഷത്തിന് ശേഷമാണ് പരേഡ‍ില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം.

click me!