
ദില്ലി: അമിത്ഷാ പ്രതിയായ സൊഹ്റാബ്ദീൻ ഷേഖ് കേസ് പരിഗണിച്ച ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പട്ടുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസിന്‍റെ തീരുമാനങ്ങളാണ് നീതിപീഠത്തിലെ പൊട്ടിത്തെറിക്ക് ആക്കം കൂട്ടിയത്. സുപ്രീംകോടതി കൊളീജിയത്തിൽ നാളുകളായി നിലനിൽക്കുന്ന തർക്കങ്ങളും, മെഡിക്കൽ അഴിമതി കേസിൽ ജസ്റ്റിസ് - ദീപക് മിശ്രയുടെ നടപടികളും മുതിർന്ന ജസ്റ്റിസുമാർ തമ്മിലുള്ള ഭിന്നത ശക്തമാക്കി. സൊഹ്റാബ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ബി.എച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ്മാർ ഏറ്റവും ഒടുവിലായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രംഗത്തെത്തിയത്.
കേസിന്‍റെ ചരിത്രം ഇങ്ങനെ...
സൊഹ്റാബ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ നിരന്തരം കോടതിയില്‍ ഹാജരാകാത്തതിൽ എതിർപ്പ് വ്യക്തമാക്കിയ ജഡ്ജി ജെ.ടി ഉത്പത്തിനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ബി.എച്ച ലോയ വിചാരണ കോടതി ജഡ്ജിയായി എത്തുന്നത്. കേസിൽ അമിത് ഷാ ഹാജരാകാത്തതിൽ ഉത്പത്തിന് പിന്നാലെ ബിഎച്ച് ലോയയും രംഗത്തെത്തി.അമിത് ഷാ ഹാജരാകാൻ ലോയ ഉത്തരവിട്ടു. ഇതിന് പിന്നാലെ 2014 ഡിസംബര്‍ ഒന്നിന് ബി.എച്ച്. ലോയ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ നാഗ്പൂരിൽ എത്തിയപ്പോഴായിരുന്നു ദുരൂഹ മരണം. മരണം ഹൃദയാഘാതം കാരണമാണെന്ന തരത്തിലേക്ക് കേസ് നീങ്ങിയതോടെ ബന്ധുക്കൾ രംഗത്തെത്തി. ലോയയെ സ്വാനീക്കാൻ ജഡ്ജിമാരുടെ ഇടയിൽ നിന്നും ശ്രമങ്ങൾ ഉണ്ടായി എന്ന് ഒരു മാധ്യമത്തിന് മുന്നിൽ ബന്ധുക്കൾ നടത്തിയ വെളിപ്പെടുത്തൽ കേസില്‍ വഴിത്തിരിവായി.
ലോയയുടെ മരണത്തിന് ശേഷം സൊഹ്റാബ്ദീൻ ഷേഖ് ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ കുറ്റവിമുക്തനായി. വിചാരണകോടതി വിധിക്കെതിരെ സിബിഐ പോലും മേൽക്കോടതിയെ സമീപിച്ചില്ല. അമിത് ഷാ കുറ്റവിമുക്തനായതോടെ ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യം വേണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ഒരു മാധ്യമ പ്രവർത്തകൻ സുപ്രീംകോടതിയിൽ എത്തി. ഈ കേസ് ജസ്റ്റിസുമാരിൽ ജൂനിയറായ അരുണ്‍ മിശ്രക്ക് കൈമാറാനുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനവും ജുഡീഷ്യറിയിൽ ഭിന്നത ശക്തമാക്കി. ഒരു ജഡ്ജി മരണപ്പെട്ട, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ചീഫ് ജസ്റ്റീസ് ഇടപെട്ട് കേസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിൽ നിന്നും മാറ്റിയതോടെ ജസ്റ്റിസ് ജെ.ചെലമേശ്വർ , രഞ്ജൻ ഗൊഗോയ് തുടങ്ങിയവരടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ചീഫ് ജസ്റ്റിസ് തീരുമാനത്തിൽ ഉറച്ച് നിന്നതോടെ ഭിന്നത സുപ്രീംകോടതിക്ക് പുറത്തെത്തി.
ഉത്തർപ്രേദേശിലെ ഒരു മെഡിക്കൽ കോളേജിന് അനുമതി നൽകാൻ ചീഫ് ജസ്റ്റിസ് ഇടപെട്ട് കോഴ വാങ്ങിയെന്ന ആരോപണമാണ് ഭിന്നത പുറത്ത് കൊണ്ടു വന്ന മറ്റൊരു സംഭവം. ഇതു സംബന്ധിച്ച് പ്രശാന്ത് ഭൂഷണ്‍ നൽകിയ ഹർജി ദീപക് മിശ്ര തള്ളി. പിന്നാലെ ദുഷ്യന്ത് ദവെ സമർപ്പിച്ച ഹർജി ജസ്റ്റിസ് ചെലമേശ്വർ ഭരണഘടനാ ബഞ്ചിന് വിട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചീഫ് ജസ്റ്റിസ് ഇത് റദ്ദാക്കി .ഏത് കേസ് ഏത് ജഡ്ജി കൈകാര്യം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും ചെലമേശ്വർ അധികാര പരിധി മറികടന്നെന്നും ദീപക് മിശ്ര വ്യക്കമാക്കിയതോടെ നീതിപീഠത്തിലെ പിളർപ്പ് പരസ്യമായി. ഇത്തരത്തിൽ നാളുകളായി പുകഞ്ഞ് കൊണ്ടിരുന്ന പ്രശ്നങ്ങളാണ് ഇന്ന് പരസ്യമായ വിഴുപ്പലക്കലിലും പൊട്ടിത്തെറിയിലും എത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam