ശാരദാ ചിട്ടിതട്ടിപ്പ് കേസ് ; മമതയ്ക്ക് വൻ തിരിച്ചടി

By Web TeamFirst Published May 17, 2019, 11:21 AM IST
Highlights

ബംഗാൾ മുൻ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ സുപ്രീം കോടതി അനുവദിച്ചു.

ദില്ലി: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മമതാ ബാനര്‍ജിക്ക് വൻ തിരിച്ചടി. ബംഗാൾ മുൻ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ സുപ്രീം കോടതി അനുവദിച്ചു. നിയമപരമായ നടപടികളുമായി സിബിഐക്ക് മുന്നോട്ടു പോകാമെന്നും സുപ്രീം കോടതി അറിയിച്ചു.

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തെളിവു നശിപ്പിച്ചെന്നാണ് സിബിഐ വാദം. കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ  ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ പ്രത്യേക സംഘം ദില്ലിയിൽ കൂടിയാലോചനകൾ നടത്തിയിരുന്നു. സുപ്രീം കോടതി അനുമതി കിട്ടിയാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യത തള്ളിക്കളയാനാകില്ല . 

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാമെന്ന് നിര്‍ദ്ദേശിച്ച സുപ്രീം കോടതി വിധി  രാഷ്ട്രീയമായും നിയമപരമായും വലിയ തിരിച്ചടിയാണ് മമതാ ബാനര്‍ജിക്ക്. 

Read also: ശാരദാ ചിട്ടിതട്ടിപ്പ്: സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, രാജീവ് കുമാറിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

എന്താണ് ശാരദാ ചിട്ടിതട്ടിപ്പ് കേസ്: 

വൻ തുക മടക്കിക്കൊടുക്കുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് 2014 ൽ രജിസ്റ്റര്‍ ചെയ്ത  ശാരദാ ചിട്ടിതട്ടിപ്പ് കേസ്. സമൂഹത്തിലെ പ്രമുഖര്‍ ഉൾപ്പെട്ട 200 ഓളം കന്പനികളുടെ കൺസോഷ്യമായിരുന്നു ചിട്ടി കന്പനിക്ക് പിന്നിൽ . അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കുന്നത്. 

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍ . സുപ്രീം കോടതി തന്നെ നിര്‍ദ്ദശിച്ച് കേസ് സിബിഐ ഏറ്റെടുത്തപ്പോൾ കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്നാണ് ആരോപണം. ഇതെ തുടര്‍ന്നാണ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വീട്ടിൽ സിബിഐ സംഘം പരിശോധനയ്ക്ക് എത്തുന്നത്. സിബിഐ റെയ്ഡ് തടഞ്ഞതും നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയിരുന്നു. 

Read also: ബംഗാളില്‍ അസാധാരണപ്രതിസന്ധി: കമ്മീഷണറെ കാണാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞു

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!