അധികാരസമവാക്യങ്ങളിൽ നിർണായക സ്വാധീനമായി ശശികല നടരാജൻ

By Web DeskFirst Published Dec 7, 2016, 5:43 AM IST
Highlights

പോയസ് ഗാർഡനിൽ നിന്ന് ചെന്നൈ രാജാജി ഹാളിൽ ജയലളിതയുടെ ഭൗതികശരീരം പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ അരികിൽ കറുത്ത വസ്ത്രം ധരിച്ച്, വിങ്ങിപ്പൊട്ടി സദാസമയവും ശശികല നിന്നു. ദുഃഖം നിഴലിച്ച മുഖത്തോടെ ശശികല നൽകുന്ന നിർദേശങ്ങളെല്ലാം സഹോദരങ്ങളുൾപ്പടെയുള്ള കുടുംബാംഗങ്ങൾ നടപ്പാക്കുന്നതും കാണാമായിരുന്നു. ജയലളിതയുടെ എക്കാലത്തെയും വിശ്വസ്തൻ പനീർശെൽവവും മറ്റ് എഐഎഡിഎംകെ എംഎൽഎമാരും രാജാജി ഹാളിന്‍റെ പടികളിലിരുന്നപ്പോഴും മണിക്കൂറുകളോളം ജയലളിതയുടെ മൃതദേഹത്തിന് തൊട്ടടുത്തുതന്നെ നിന്ന ശശികല തന്നെയായിരുന്നു എല്ലാ ദൃശ്യങ്ങളിലും നിറഞ്ഞു നിന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതയ്ക്ക് അന്തിമോപചാരമർപ്പിച്ച ശേഷം ശശികലയ്ക്ക് തൊട്ടടുത്തെത്തി വിതുമ്പുന്ന അവരുടെ നെറുകയിൽ തൊടുന്ന ദൃശ്യത്തിന്‍ തീർച്ചയായും രാഷ്ട്രീയമാനങ്ങളുണ്ട്. എഐഎഡിഎംകെയിലെ അടുത്ത അധികാരകേന്ദ്രമായി ശശികല വളരുന്നുവെന്നും അത് ദേശീയനേതാക്കളെല്ലാം തിരിച്ചറിയുന്നുവെന്നും വ്യക്തമാണ്. ജയലളിതയെ ചൂഴ്ന്നു നിൽക്കുന്ന മണ്ണാർഗുഡി മാഫിയയെന്ന് ഒരു കാലത്ത് ആരോപിയ്ക്കപ്പെടുകയും പോയസ് ഗാർഡനിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശശികല തന്നെയാണ് പിന്നീട് അവരുടെ അവസാനശ്വാസം വരെ കൂടെയുണ്ടായിരുന്നത്.

അടുത്ത പാർലമെന്‍ററി പാർട്ടി നേതാവായി ഒ പനീർശെൽവത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്ത എംഎൽഎമാരുടെ യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ആരാകണമെന്ന കാര്യത്തിൽ സമവായമുണ്ടായില്ല എന്നതു തന്നെ എഐഎഡിഎംകെയിൽ രൂപപ്പെട്ട ഒരു ഭിന്നതയാണ് വെളിവാക്കുന്നത്. ഇതുവരെ രാഷ്ട്രീയത്തിൽ ഒരു മുൻപരിചയവുമില്ലാത്ത ശശികല തമിഴ്നാട്ടിൽ അധികാരത്തിലുള്ള ദ്രാവിഡപാർട്ടിയുടെ അടുത്ത ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമോ എന്ന ഒരു ചോദ്യം അപ്പോഴും ബാക്കി നിൽക്കുന്നു. അങ്ങനെ ഒരു തീരുമാനം വന്നാൽ ഭിന്നസ്വരമുയർത്തുന്ന തമ്പിദുരൈ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ എങ്ങനെ അതിനെ നേരിടുമെന്നതും നിർണായകമാണ്.

click me!