സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം നൽകുന്നത് നിരീക്ഷിക്കുന്നു

By Vipin PanappuzhaFirst Published Jan 25, 2018, 11:31 PM IST
Highlights

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം നൽകുന്നത് തൊഴിൽ മന്ത്രാലയം നിരീക്ഷിക്കുന്നു. ഇനി മുതല്‍ തൊഴില്‍ കരാറില്‍ പറഞ്ഞ വേതനം ബാങ്ക് മുഖേന തൊഴിലാളിക്ക് നല്‍കുകയും അതിന്‍റെ വിവരം മന്ത്രാലയത്തിനു കൈമാറുകയും വേണം.  സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് കൃത്യസമയം വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനം നിലവിൽവന്നതായി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് വ്യക്തമാക്കിയത്.

മന്ത്രാലയം നടപ്പിലാക്കി വരുന്ന വേതന സുരക്ഷാ പദ്ധതി പ്രകാരമാണ് പുതിയ സംവിധാനം. തൊഴില്‍ കരാറില്‍ പറഞ്ഞ വേതനം ബാങ്ക് മുഖേന തൊഴിലാളിക്ക് നല്‍കുകയും അതിന്‍റെ വിവരങ്ങൾ മന്ത്രാലയത്തിനും കൈമാറണം. മന്ത്രാലയത്തിനു നല്‍കുന്ന വിവരങ്ങളില്‍ കൃത്രിമം കാണിക്കല്‍, തൊഴില്‍കരാറില്‍ പറഞ്ഞവേതനം നല്‍കാതിരിക്കല്‍, യഥാ സമയം പണം ബാങ്കിൽ നിക്ഷേപിക്കാതിരിക്കല്‍, സൗദി റിയാല്‍ അല്ലാത്ത മറ്റു കറന്‍സി നിരക്കില്‍ ശമ്പളം നൽകൽ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന സംവിധാനമാണ് പ്രാബല്യത്തിൽ വന്നതെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. 

തൊഴില്‍ മന്ത്രാലയം നടപ്പിലാക്കി വരുന്ന വേതന സുരക്ഷാ പദ്ദതിയുടെ പതിമൂന്നാം ഘട്ടം ഫെബ്രുവരി മുതല്‍ നിലവിൽ വരും. തൊഴിലാളികളുടെ കൃത്യമായ വേതനം കൃത്യസമയത്ത് തന്നെ നല്‍കുകയെന്നതാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.

click me!