1861 ല്‍ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമായി; 157 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം വഴിമാറി

By Web TeamFirst Published Sep 6, 2018, 12:25 PM IST
Highlights

സ്വാതന്ത്ര്യത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട ശേഷമാണ് സ്വവര്‍ഗ ലൈഗികത നിയമ വിധേയമാക്കണമെന്ന ആവശ്യം തന്നെ രാജ്യത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നത്. നിയമ കമ്മീഷന്‍റെ 172 ാമത് റിപ്പോര്‍ട്ടായിരുന്നു ഏറ്റവും നിര്‍ണായകമായ ചുവടുവച്ചത്. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രാപല്യത്തില്‍ വന്നില്ല. പക്ഷെ അതൊരു വലിയ ചുവടുവയ്പ്പായിരുന്നു

ദില്ലി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ വിധി പുറത്തുവരുമ്പോള്‍ 157 വര്‍ഷത്തിന്‍റെ ചരിത്രമാണ് വഴിമാറിയത്. പ്രകൃതി നിയമത്തിനെതിരാണന്ന് ചൂണ്ടിക്കാട്ടി 1861 ലാണ്  സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നത്. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ചിറകടിച്ചുയര്‍ന്നിട്ടും സ്വവര്‍ഗാനുരാഗികളുടെ സ്വാതന്ത്ര്യം ക്രിമിനല്‍ കുറ്റമെന്ന ചട്ടകൂടിനുള്ളില്‍ തന്നെ ശേഷിച്ചു.

സ്വാതന്ത്ര്യത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട ശേഷമാണ് സ്വവര്‍ഗ ലൈഗികത നിയമ വിധേയമാക്കണമെന്ന ആവശ്യം തന്നെ രാജ്യത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നത്. നിയമ കമ്മീഷന്‍റെ 172 ാമത് റിപ്പോര്‍ട്ടായിരുന്നു ഏറ്റവും നിര്‍ണായകമായ ചുവടുവച്ചത്. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രാപല്യത്തില്‍ വന്നില്ല. പക്ഷെ അതൊരു വലിയ ചുവടുവയ്പ്പായിരുന്നു.

2009 ജൂലൈയില്‍ ദില്ലി ഹൈക്കോടതിയാണ് സ്വവര്‍ഗ ലൈംഗികതയില്‍ ചരിത്രം കുറിച്ച ആദ്യ വിധി പുറപ്പെടുവിച്ചത്. സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്നും നിയമവിധേയമാണെന്നും ദില്ലി ഹൈക്കോടതി നിസംശയം വിധി പുറപ്പെടുവിച്ചു. എന്നാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരമെന്ന നൂലാമാലകള്‍ ചോദ്യമായപ്പോള്‍ സുപ്രീംകോടതിയുടെ ഇടപെടലുണ്ടായി

നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്‍റിനാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി 2013 ഡിസംബര്‍ 11 ന് ദില്ലി ഹൈക്കോടതി വിധി റദ്ദാക്കി. സ്വവര്‍ഗ ലൈംഗികത വീണ്ടും കുറ്റകൃത്യമായി മാറ്റിയ ജസ്റ്റിസ് ജി.എസ്.സിംഗ്‍വി അധ്യക്ഷനായ കോടതി വിധി രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. 

അതിന് ശേഷം വന്ന തിരുത്തൽ ഹര്‍ജിയിൽ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പിന്നീട് 2016ൽ 377-ാം വകുപ്പിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നിരവധി പുതിയ ഹര്‍ജികൾ സുപ്രീംകോടതിക്ക് മുമ്പാകെ എത്തി. ഈ ഹര്‍ജികളെല്ലാം പരിശോധിച്ച പരമോന്നത കോടതി സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാകുന്നതിനെക്കാള്‍ വലുത് ജീവിക്കാനുള്ള അവകാശമാണ് വലുതെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചതോടെ ഒന്നര നൂറ്റാണ്ടിന്‍റെ ചരിത്രമാണ് കാറ്റില്‍ പറന്നത്.

click me!