കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 3 പേർ മരിച്ചു; 9 പേർക്കായി തെരച്ചിൽ

By Web TeamFirst Published Aug 7, 2018, 10:35 AM IST
Highlights

കൊച്ചിയിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ച് 3 പേര്‍ മരിച്ചു. മുനമ്പത്ത് നിന്നും 28 നോട്ടിക്കൽ മൈൽ അകലെ കപ്പൽച്ചാലിലായിരുന്നു അപകടം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്.

കൊച്ചി: കൊച്ചിയിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ച് 3 പേര്‍ മരിച്ചു. മുനമ്പത്ത് നിന്നും 28 നോട്ടിക്കൽ മൈൽ അകലെ കപ്പൽച്ചാലിലായിരുന്നു അപകടം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ബോട്ടിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്തി.

മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. അപകടമുണ്ടാക്കിയ കപ്പൽ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് റൂറൽ എസ്പി രാഹുൽ ആർ നായർ പറഞ്ഞു. 

അപകടത്തിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. ഇനി 9 പേരെക്കുറിച്ച് വിവരം കിട്ടാനുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. തകര്‍ന്ന ബോട്ടിന്റെ പലക കഷ്ണങ്ങള്‍ക്കിടയിൽ നിന്നാണ് മത്സ്യതൊഴിലാളികളെ കണ്ടെടുത്തത് എന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ടിന്റെ ഉടമ പറഞ്ഞു.

ബോട്ട് അപകടത്തിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കപ്പൽ കണ്ടെത്താൻ അടിയന്തിര നിർദേശം നൽകിയതായും മന്ത്രികൂട്ടി ചേർത്തു. 

സമാനമായ സംഭവം 2017 ജൂണിലും സംഭവിച്ചിരുന്നു. പുതുവൈപ്പിനിൽ നിന്ന് ഇരുപത് നോട്ടിക്കൽ മൈൽ അകലെ കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കർമലമാത എന്ന ബോട്ടായിരുന്നു അന്ന് അപകടത്തില്‍പെട്ടത്. തമിഴ്നാട്ടിൽ നിന്നുള്ള 12 പേരും  2 ഉത്തരേന്ത്യൻ സ്വദേശികളുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

അന്ന് അപകടകാരണമായ ആംബർ എൽ കപ്പലിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് പല വീഴ്ചകൾ ഉണ്ടായിരുന്നു. കപ്പൽ  വേഗത കുറച്ച ശേഷം നിർത്താതെ പോയി എന്നാണ് ബോട്ടിലുണ്ടായിരുന്നവർ പറഞ്ഞത് . കൂടാതെ അപകടം നടന്ന വിവരം ഇന്ത്യൻ ഏജൻസികളെ അറിയിക്കാനും കപ്പൽ ജീവനക്കാർ തയ്യാറായിരുന്നില്ല. 

click me!