ചോദിച്ചതിന്റെ നാലിലൊന്ന് തന്ന് കേന്ദ്രം; കേരളത്തിന് 500 കോടി

By Web TeamFirst Published Aug 18, 2018, 10:33 AM IST
Highlights

പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാവിലെ കൊച്ചിയില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ വ്യോമ നിരീക്ഷണത്തിനായി എത്തിയ പ്രധാനമന്ത്രിക്ക് പ്രതികൂല കാലാവസ്ഥയാണ് കൊച്ചിയില്‍ നേരിടേണ്ടി വന്നത്. പ്രളയക്കെടുതിയെ നേരിടാന്‍ 2000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്.
 


കൊച്ചി: പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മെയ് 29-ന് തുടങ്ങിയ പേമാരിയില്‍ 357 പേര്‍ ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 

16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്.  രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി  20 ഹെലിക്കോപ്റ്ററുകളും എഞ്ചിനുളള 600 ബോട്ടുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്‍.ഡി.ആര്‍.എഫിന്‍റെ 40 ടീമുകളെയും ആര്‍മി ഇ.ടി.എഫിന്‍റെ 4 ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനാവിഭാഗങ്ങളുടെ കൂടുതല്‍ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!