മത്സ്യബന്ധന തൊഴിലാളി തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടു

By Web DeskFirst Published May 22, 2017, 7:59 AM IST
Highlights

തിരുവനന്തപുരം: തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് വൃദ്ധ മരണമടഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അതേ സ്ഥലത്ത് തന്നെ യുവാവിനും നായയുടെ കടിയേറ്റ് ദാരുണാന്ത്യം. പുല്ലുവിളയില്‍ ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മത്സ്യബന്ധന തൊഴിലാളിയായ ജോസ് ക്‌ളീന്‍ (45) ആണ് മരണത്തിന് കീഴടങ്ങിയത്. കടല്‍ത്തീരത്ത് വെച്ച് നായയുടെ കടിയേറ്റ് ആശുപത്രിയില്‍ കിടന്നു മരിച്ചു. 

ഇയാളുടെ കീഴ്ത്താടിയും കൈകള്‍ പൂര്‍ണമായും നായകള്‍ കടിച്ചെടുത്തിരുന്നു. തെരുവ് നായ പ്രശ്‌നം അതിരൂക്ഷമായി തുടരുന്ന ഇവിടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ജോസ് ക്‌ളീന്‍ ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാത്രി പത്തു മണിയോടെ കടലില്‍ ജോലിക്ക് പോയി തിരിച്ചെത്തി ആഹാരം കഴിച്ച് കടല്‍ത്തീരത്തിറങ്ങിയപ്പോഴായിരുന്നു  ആക്രമണം ഉണ്ടായത്. ഒരു നായയാണോ നായ്ക്കൂട്ടമാണോ ആക്രമിച്ചതെന്ന് വ്യക്തമല്ല. 

ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍ ജോസിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനകം അനേകംപേര്‍ ഇവിടെ തെരുവ് നായ്ക്കളുടെ ശല്യത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇതേ സ്ഥലത്ത് ചീരുവമ്മ എന്ന വൃദ്ധ നായ്ക്കൂട്ടങ്ങളുടെ ആക്രമണത്തില്‍ മരണമടഞ്ഞത്.

അതിന് പിന്നാലെ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് അനവധി പ്രഖ്യാപനം ഉണ്ടായെങ്കിലും അവയൊന്നും പാലിക്കപ്പെടാതിരുന്നതാണ് വീണ്ടും സമാന രീതിയിലുള്ള ആക്രമണം ഉണ്ടാകാന്‍ കാരണമായതെന്നാണ് ആരോപണം.
 

click me!