പട്ടികളെ വന്ധ്യംകരിച്ച്  കുടുംബശ്രീ നേടിയത് 3.23 കോടി രൂപ

By Web DeskFirst Published Jul 11, 2018, 11:57 AM IST
Highlights
  • കോടികള്‍ സ്വന്തമാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ കുടുംബശ്രീ അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ യൂണിറ്റുകാര്‍

തിരുവനന്തപുരം:  വെറും ഏഴ് മാസം കൊണ്ട് തെരുവു നായകളെ വന്ധ്യംകരിച്ച് കോടികള്‍ സ്വന്തമാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ കുടുംബശ്രീ അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ യൂണിറ്റുകാര്‍. സംസ്ഥാനത്തെ 58 കുടുംബശ്രീയിലെ അംഗങ്ങള്‍ ചേർന്ന് 3.23 കോടി രൂപയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്. ഇതുവരെ 17,823 തെരുവു നായകളെ വന്ധ്യംകരിച്ചു.

തിരുവനന്തപുരത്താണ് കൂടുതല്‍ നായകളെ വന്ധ്യംകരിച്ചത്. ഇവിടെ നിന്നും 90,00,000 രൂപ കുടുംബശ്രീ സ്വന്തമാക്കി. ജില്ലയില്‍ 11 എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) യൂണിറ്റുകളാണുള്ളത്. പത്തനംത്തിട്ടയില്‍ അഞ്ച് യൂണിറ്റിലൂടെ 75,89,486 രൂപയും എറണാകുളം ജില്ലയില്‍ 17 യൂണിറ്റുകളിലായി 88,03,200 രൂപയും ഇടുക്കിയില്‍ 13 യൂണിറ്റിലൂടെ 8,25,000 രൂപയുമാണ് കുടുംബശ്രീ നേടിയത്. കോട്ടയത്ത് അഞ്ച് യൂണിറ്റിലൂടെ 61,41,039 രൂപയും സ്വന്തമാക്കി. ഇവിടെ 3559 നായകളെയാണ് വന്ധ്യംകരിച്ചത്.

തിരുനന്തപുരത്ത് എബിസിയുടെ മൊബൈല്‍ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഒമ്പത് ജില്ലകളിയാണ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.  മറ്റ് ജില്ലകളായ കോഴിക്കോട്,മലപ്പുറം,കണ്ണൂര്‍,കൊല്ലം കാസര്‍ഗോഡ് എന്നിവിടങ്ങളിൽ മൃഗ സംരക്ഷണ വകുപ്പ് നേരിട്ടാണ് വന്ധ്യകരണത്തിന് നേതൃത്വം നല്‍കിയത്. കുടുംബ ശ്രീയിലെ അഞ്ച് അംഗങ്ങള്‍ വീതമാണ് നായയെ പിടിക്കാനിറങ്ങുന്നത്. ഒരു നായയെ വന്ധ്യംകരിച്ചാല്‍ 2100 രൂപ ലഭിക്കും. ഇതില്‍ 1200 രൂപ ഓരോ യൂണിറ്റിനും ഉള്ളതാണ്. 400 രൂപ ഡോക്ടര്‍ക്കും 500 രൂപ നായയുടെ ഭക്ഷണത്തിനും മരുന്നിനുമായി ഉപയോഗിക്കും.

2017ല്‍ ആരംഭിച്ച എബിസി യൂണിറ്റ് ഈ വര്‍ഷം 72 എണ്ണമായി ഉയര്‍ത്തുമെന്ന് അനിമല്‍ ഹസ്ബന്‍ഡറി വിഭാഗം സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. കെ ആര്‍ നികേഷ് കുമാര്‍ പറഞ്ഞു.ലക്ഷക്കണക്കിനുള്ള തെരുവു നായകളില്‍ 70 ശതമാനത്തെയെങ്കിലും വന്ധ്യംകരിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

click me!