'ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല'; ചരിത്രവിധിയുടെ പെണ്‍നോട്ടങ്ങള്‍...

By Web TeamFirst Published Sep 27, 2018, 11:51 AM IST
Highlights

ഭര്‍ത്താവെന്നാല്‍ ഭാര്യയുടെ ഉടമയല്ല. അതിനാല്‍ തന്നെ ഭര്‍ത്താവുമായി ചേര്‍ന്ന് നില്‍ക്കുമ്പോഴേ സ്ത്രീയുള്ളൂ എന്ന സങ്കല്‍പം വേണ്ട. സ്വകാര്യ ഇടങ്ങളിലാണെങ്കില്‍ പോലും, അത് ലൈംഗികതയുടെ കാര്യമാണെങ്കിലും മറ്റേത് കാര്യമാണെങ്കിലും സ്ത്രീക്ക് സ്വന്തമായ തെരഞ്ഞെടുപ്പുകളാകാം
 

ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന സുപ്രീംകോടതിയുടെ ചരിത്രവിധി പുറത്തുവരുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്നത് സ്ത്രീകളുടെ തുല്യത ഉയര്‍ത്തിക്കാട്ടി കോടതി നടത്തിയ പരാമര്‍ശങ്ങളാണ്. ഐപിസി 497ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയാളിയായ ജോസഫ് ഷൈൻ നല്‍കിയ ഹര്‍ജിയിലെ പ്രധാന വിഷയവും ഇതുതന്നെയായിരുന്നു. ഈ നിയമം സ്ത്രീകളുടെ വ്യക്തിത്വത്തെ ഹനിക്കുന്നതാണെന്ന് തന്നെയായിരുന്നു ഹര്‍ജിയിലൂടെ  ചൂണ്ടിക്കാട്ടിയിരുന്നത്. 

ഇതിനായി പല പാശ്ചാത്യ രാജ്യങ്ങളിലെ അവസ്ഥയും ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു. ഇന്ത്യയെ മറ്റ് രാജ്യങ്ങലിലെ സംസ്‌കാരവുമായി താരതമ്യപ്പെടുത്തരുതെന്നായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹര്‍ജി ശ്രദ്ധയില്‍ പെടുത്തിയ സുപ്രധാനമായ പ്രശ്‌നത്തെ തന്നെ കോടതി അഭിസംബോധന ചെയ്തിരിക്കുകയാണ്. 

497ാം വകുപ്പ് സ്ത്രീകളുടെ അന്തസ്സിനും തുല്യതയ്ക്കും എതിരാണെന്നും, സ്ത്രീയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി വിലയിരുത്തി. ഈ വകുപ്പ് സ്ത്രീകളെ വിവേചനത്തിനിരകളാക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ഒറ്റക്കെട്ടായി പറഞ്ഞു. 

സ്ത്രീയുടെ സ്വത്വം, അല്ലെങ്കില്‍ സ്ത്രീയുടെ വ്യക്തിത്വം മറ്റൊരാളുമായി ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രം ഉണ്ടാകുന്നതല്ല, സ്വതന്ത്രയായി തന്നെ സ്ത്രീക്ക് തന്റേതായ വ്യക്തിത്വമുണ്ട്. ഭര്‍ത്താവെന്നാല്‍ ഭാര്യയുടെ ഉടമയല്ല. അതിനാല്‍ തന്നെ ഭര്‍ത്താവുമായി ചേര്‍ന്ന് നില്‍ക്കുമ്പോഴേ സ്ത്രീയുള്ളൂ എന്ന സങ്കല്‍പം വേണ്ട. സ്വകാര്യ ഇടങ്ങളിലാണെങ്കില്‍ പോലും, അത് ലൈംഗികതയുടെ കാര്യമാണെങ്കിലും മറ്റേത് കാര്യമാണെങ്കിലും സ്ത്രീക്ക് സ്വന്തമായ തെരഞ്ഞെടുപ്പുകളാകാം. സന്തോഷകരമല്ലാത്ത ദാമ്പത്യമാണെങ്കില്‍ മറ്റ് ബന്ധങ്ങളിലേക്ക് സ്വാഭാവികമായും നീങ്ങും- കോടതി നിരീക്ഷിച്ചു. 

സുപ്രീംകോടതി വിധി സ്ത്രീ സ്വാതന്ത്ര്യത്തിലൂന്നുന്നതാണെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെട്ടു. 497ാം വകുപ്പ് പ്രകാരം ഒരു പുരുഷന്‍ മറ്റൊരു പുരുഷനെതിരെയാണ് പരാതി കൊടുക്കുന്നത്. അതായത് പരാതിക്ക് കാരണമാകുന്ന ഒന്നായി സ്്ത്രീ നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ക്രയവിക്രിയങ്ങള്‍ നടത്താവുന്ന ഒരു 'മുതല്‍' ആയി സ്ത്രീയെ കാണാന്‍ നിയമം തന്നെ ആഹ്വാനം ചെയ്തിരുന്നു. ആ അവസ്ഥയിലാണ് ഇനി മാറ്റം വരാന്‍ പോകുന്നത്- അസ്വ. എം.ആര്‍ അഭിലാഷ് പറഞ്ഞു.
 

click me!