തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു

By Web TeamFirst Published May 10, 2019, 1:07 PM IST
Highlights

ദക്ഷിണേന്ത്യയിലെ സാമൂഹിക, സാംസ്കാരിക ജീവിതത്തെ സാഹിത്യവുമായി സമന്വയിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍. 

തിരുനെല്‍വേലി: പ്രമുഖ തമിഴ് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍(75) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ പേട്ടയിലെ വീരബാഹു നഗറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം  വൈകിട്ട് അഞ്ചുമണിക്ക് പേട്ടയില്‍ നടക്കും. ദക്ഷിണേന്ത്യയിലെ സാമൂഹിക, സാംസ്കാരിക ജീവിതത്തെ സാഹിത്യവുമായി സമന്വയിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍. 

1944 സെപ്‌തംബർ 26 -ന് മുഹമ്മദ് അബ്‌ദുൽ ഖാദറിന്റേയും ഫാത്തിമയുടേയും മകനായി കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്താണ് മീരാന്‍ ജനിച്ചത്. തേങ്ങാപ്പട്ടണം അംശി ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും നാഗർകോവിൽ എസ്.ടി.ഹിന്ദു കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കി. തമിഴിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യമുള്ള സാഹിത്യകാരനായിരുന്നു തോപ്പില്‍ മുഹമ്മദ് മീരാന്‍.

ഒരു കടലോരഗ്രാമത്തിന്റെ കഥ, തുറമുഖം, കൂനൻതോപ്പ്, ചായ്‌വു നാർക്കാലി, എന്നീ നാലു നോവലുകളും അൻപുക്കു മുത്തുമൈ ഇല്ലൈ, തങ്കരശു, അനന്തശയനം കോളനി എന്നീ കഥാ സമാഹാരങ്ങളും രചിച്ചു. അദ്ദേഹത്തിന്‍റെ കൃതികൾ മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലേക്ക് തർജ്ജമ ചെയ്‌തിട്ടുണ്ട്. ‘ഒരു കടലോരഗ്രാമത്തിന്റെ കഥ’ തമിഴിൽ 20,000 കോപ്പികൾ വിറ്റഴിഞ്ഞു. ഇത് റെക്കോർഡാണ്. ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ദ സ്‌റ്റോറി ഓഫ് എ സീസൈഡ് വില്ലേജ്’ ക്രോസ് വേഡ് അവാർഡ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു.

തമിഴ്നാട് കലൈ ഇലക്കിയ പെരുമൺറം അവാർഡ് (1989), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1997) എന്നിവ ഉള്‍പ്പെടെ എട്ടോളെ പുസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശനങ്ങളും ശകാരങ്ങളും നേരിടുകയും ചെയ്ത എഴുത്തുകാരനാണ് മീരാൻ. ‘ചായ്‌വു നാർക്കാലി’യാണ് അദ്ദേഹത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുസ്കാരത്തിന് അര്‍ഹനാക്കിയത്. ഭാര്യ ജലീല. മക്കൾ: ഷമീർ അഹമ്മദ്, മിർസാദ് അഹമ്മദ്. 

click me!