അഭയാര്‍ത്ഥി വിഷയത്തില്‍ ട്രംപ് മയപ്പെടുന്നു

By web deskFirst Published Jan 26, 2018, 8:09 PM IST
Highlights

വാഷിങ്ങ്ടണ്‍ ഡിസി:  അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന വിഷയത്തില്‍ അമേരിക്ക നിലപാട് മയപ്പെടുത്തുന്നു. 7 ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അതേസമയം പൗരത്വത്തിന് ബദലായി 2500 കോടി അമേരിക്കന്‍ ഡോളര്‍ വേണമെന്ന ആവശ്യവും ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ബില്‍ തിങ്കളാഴ്ച യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.  അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന വിഷയത്തില്‍ തുടക്കം മുതല്‍ ഇടഞ്ഞ് നില്‍ക്കുന്ന ട്രംപ് ഒടുവില്‍ മയപ്പെടുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്ന നിലപാട് വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന 7 ലക്ഷം പേര്‍ക്ക് ഉള്‍പ്പെടെ യുഎസ് പൗരത്വം നല്‍കാന്‍ സന്നദ്ധമാണെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഒബാമയുടെ കാലത്ത് ഇവരെ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന ഡാക നിയമം ട്രംപ് റദ്ദാക്കിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനമനുസരിച്ച് ഇവരെ കൂടി ഉള്‍പ്പെടുത്തി 18 ലക്ഷം പേര്‍ക്കേ പൗരത്വം ലഭിക്കും. അതേസമയം പൗരത്വത്തിന് ബദലായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണത്തിന് സംഭാവന നല്‍കുക എന്ന നിര്‍ദ്ദേശം ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്.

2500 കോടി രൂപയാണ് ഇത്തരത്തില്‍ ട്രംപ് ആവശ്യപ്പെടുന്നത്. 18 ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന ട്രംപിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നഷ്ടപരിഹാരം എന്ന വ്യവസ്ഥയോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍. ഈ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് ഡെമോക്രാറ്റ് നേതാവ് ചക്ക് ഷ്യൂമര്‍ വ്യക്തമാക്കി. അമേരിക്കന്‍ ബജറ്റ് പാസ്സാക്കാന്‍ ഡെമോക്രാറ്റുകളുമായി ഉണ്ടാക്കിയ നീക്കുപോക്കുകളോടനുബന്ധിച്ചാണ് ട്രംപ് നിലപാട് മയപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍. യുഎസ് കോണ്‍ഗ്രസില്‍ തിങ്കളാഴ്ച ഇതു സംബന്ധിച്ച ബില്‍ അവതരിക്കപ്പെടുമെന്നാണ് ട്രംപിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

click me!