കര്‍ഷക ആത്മഹത്യകള്‍ സബ്‍സിഡി തട്ടാന്‍; ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

By Web DeskFirst Published Feb 18, 2017, 1:49 PM IST
Highlights

കര്‍ഷക ആത്മഹത്യകളെ പരിഹസിച്ച് ബിജെപി എം എല്‍ എ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മയാണ് കര്‍ഷക ആത്മഹത്യകളെ പരിഹസിച്ച് രംഗത്തുവന്നത്.

സര്‍ക്കാരിന്റെ സബ്‍സിഡി നക്കിയെടുക്കാന്‍ വേണ്ടിയാണ് കര്‍ഷക ആത്മഹത്യകളെന്നാണ് എംഎല്‍എയുടെ ഭാഷ്യം.  എഎന്‍ഐയാണ് ഇതുസംബന്ധിച്ച് വാര്‍ത്തയും വീഡിയോയും പുറത്തുവിട്ടത്.

യഥാര്‍ഥ കര്‍ഷകര്‍ ആത്മഹത്യ ചെയ്യില്ലെന്ന് എംഎല്‍എ പറയുന്നു. നിയമവിരുദ്ധമായ വഴിയിലൂടെ പണം സമ്പാദിക്കുന്നവരും പണം കടം വാങ്ങി കള്ളുകുടിക്കുന്നവരും സര്‍ക്കാരിന്റെ സബ്‍സിഡി നേടിയെടുക്കാന്‍ വേണ്ടിയാണ് ഈ ആത്മഹത്യകള്‍. ആത്മഹത്യ ചെയ്യുന്നവരെല്ലാം കര്‍ഷകരാണോയെന്നും പരിശോധിക്കണമെന്നും രാമേശ്വര്‍ പറയുന്നു.

മുമ്പും കര്‍ഷക ആത്മഹത്യകളെ പരിഹസിച്ച് പല രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ബിജെപി എംപി ഗോപാല്‍ ഷെട്ടി പരിഹസിച്ചത് ഫാഷനും ട്രെന്‍ഡിനും വേണ്ടിയാണ് കര്‍ഷക ആത്മഹത്യയെന്നായിരുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014 ല്‍ മാത്രം 5,650 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ കൂടുതലും മഹാരാഷ്ട്രയിലാണ്. 826 കര്‍ഷകരാണ് രാമേശ്വറിന്റെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കര്‍ഷക ക്ഷേമത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ബിജെപി എംഎല്‍എയുടെ പരിഹാസം.

click me!