Latest Videos

'രാമക്ഷേത്ര നിര്‍മ്മാണ'ത്തിനായി വിഎച്ച്പിയും; എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും മന്ദിര്‍ യോഗങ്ങള്‍ നടത്തും

By Web TeamFirst Published Nov 7, 2018, 8:31 PM IST
Highlights

'കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രധാന പാര്‍ട്ടികളാരും എതിര്‍പ്പുമായി വരില്ലെന്നാണ് ഞങ്ങള്‍ കരുതുന്നത്. രാഹുല്‍ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം തന്നെ ഇതിന് തെളിവായി ഞങ്ങളെടുക്കുകയാണ്'

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കണമെന്ന ആവശ്യവുമായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും 'മന്ദിര്‍ യോഗങ്ങള്‍' നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത്. എല്ലാ മണ്ഡലങ്ങളിലുമെത്തി എംപിമാരുടെ പിന്തുണ തേടാനാണ് പദ്ധതി. ഇതിനായി രാജ്യത്തെ 543 മണ്ഡലങ്ങളിലും യോഗങ്ങള്‍ നടത്താനാണ് വിഎച്ച്പിയുടെ തീരുമാനം. 

പാര്‍ലമെന്റിന്റെ വരുന്ന മണ്‍സൂണ്‍ സമ്മേളനത്തിലെങ്കിലും ബില്‍ പാസ്സാക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. ബിജെപി എംപി രാകേഷ് സിന്‍ഹ ഇത് സ്വകാര്യ ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് എംപിമാരുടെ പിന്തുണ തേടി വിഎച്ച്പിയും രംഗത്തെത്തിയിരിക്കുന്നത്. 

'നരേന്ദ്ര മോദി സര്‍ക്കാര്‍ തീര്‍ച്ചയായും ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രധാന പാര്‍ട്ടികളാരും എതിര്‍പ്പുമായി വരില്ലെന്നാണ് ഞങ്ങള്‍ കരുതുന്നത്. രാഹുല്‍ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം തന്നെ ഇതിന് തെളിവായി ഞങ്ങളെടുക്കുകയാണ്'- വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. 

ഈ വിഷയത്തില്‍ ബിജെപിയും വിഎച്ച്പിയും ഒരേ മനസ്ഥിതിയിലാണെന്ന് നേരത്തേ ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, രാമക്ഷേത്ര നിര്‍മ്മാണ വിഷയം കൂടുതല്‍ സജീവമാക്കി ചര്‍ച്ചകളില്‍ നിലനിര്‍ത്താന്‍ തന്നെയാണ് മറ്റ് ഹിന്ദു സംഘടനകളുടെയും തീരുമാനം.
 

click me!