യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവം; യുവതി മരിച്ചു

By Web TeamFirst Published Jul 26, 2018, 11:27 PM IST
Highlights
  • യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവം
  • സഹായിയായി ഭർത്താവ്
  • യുവതി മരിച്ചു

ചെന്നൈ: യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽ പ്രസവിച്ച യുവതി രക്തസ്രാവം മൂലം മരിച്ചു. തിരുപ്പൂർ സ്വദേശികളായ കാർത്തികേയനും കൃതികയുമാണ് യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽ പ്രസവം നടത്തിയത്. എന്നാൽ രക്തസ്രാവം ആരംഭിച്ചതിനെത്തുടർന്ന് കൃതികയുടെ സ്ഥിതി വഷളാകുകയായിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുപത്തെട്ട് വയസുള്ള കൃതിക അധ്യാപികയാണ്. 

ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് കൃതികയ്ക്ക് പ്രസവ വേദന ആരംഭിച്ചത്. ഹോസ്പിറ്റലിൽ പോകാൻ കൂട്ടാക്കാതെ പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽതന്നെ പ്രസവിക്കാനാണ് ഇരുവരും തീരുമാനിച്ചത്. കാർത്തികേയൻ സഹായിയായി കൂടെ നിന്നു. കുഞ്ഞിന് ജന്മം നൽകിയെങ്കിലും രക്തസ്രാവം തടയാൻ സാധിച്ചില്ല. മാത്രമല്ല കൃതിക അപസ്മാരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. അപ്പോൾത്തന്നെ കാർത്തികേയൻ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രക്തം നഷ്ടപ്പെടുക മാത്രമല്ല ശാരീരിക ഷോക്കും കൃതികയ്ക്ക് ഉണ്ടായതായി ഡോക്ടർ പറഞ്ഞു. 

എന്നാൽ അന്ധവിശ്വാസം കൊണ്ടാണ് ഇവർ ഈ സാഹസത്തിന് മുതിർന്നതെന്ന് പൊലീസ് പറയുന്നു. കൃതിക ​ഗർഭിണിയാണെന്ന് അറിയുന്നതിന് ഒരാഴ്ച മുമ്പ് ഇവരുടെ മുത്തച്ഛൻ മരിച്ചിരുന്നു. ജനിക്കാൻ പോകുന്ന കുഞ്ഞ് മുത്തച്ഛന്റെ പുനർജന്മമാണെന്ന് കുടുംബം ഒന്ന‍ടങ്കം വിശ്വസിച്ചു. അതു കൊണ്ടാണ് ഇവർ വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ചത്. ചെക്കപ്പിനോ മറ്റ് കാര്യങ്ങൾക്കോ ഹോസ്പിറ്റലിൽ പോലും ഇവർ പോയിട്ടുണ്ടായിരുന്നില്ല. 

വീട്ടിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയ ദമ്പതികളുടെ ഉപദേശ പ്രകാരമാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അവരെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. ഭർത്താവ് കാർത്തികേയനെ സംഭവസ്ഥലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടി കൂടി ഇവർക്കുണ്ട്. 
 

click me!