'സിയ' മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക്

By Web DeskFirst Published Jan 27, 2018, 3:55 PM IST
Highlights

മലയാളത്തിന് അഭിമാനമായി പതിനഞ്ചാമത് മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് മലയാള ഹ്രസ്വചിത്രങ്ങള്‍ ഇടംപിടിച്ചു. നിരവധി ഷോര്‍ട്ട്ഫിലിമുകള്‍ ഒരുക്കിയ വൈക്കം സ്വദേശി ജിനീഷ് സംവിധാനം ചെയ്ത 'സിയ', പ്രദീപ് നായര്‍ സംവിധാനം ചെയ്ത 'കൊടേഷ്യ' എന്നീ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 

ഞായറാഴ്ച (28-01-2018) ആരംഭിക്കുന്ന മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്ക് പുറമേ ഇസ്രയേല്‍, ബ്രിട്ടന്‍, പാക്കിസ്ഥാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 300-ഓളം ചിത്രങ്ങളില്‍ നിന്ന് വിദഗ്ധ ജൂറി തെരഞ്ഞെടുത്ത 20 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് സിയയുടെ പ്രദര്‍ശനം. സജീവ് കുമാറിന്റെ കഥയ്ക്ക് രാജീവ് തിരക്കഥയൊരുക്കിയ സിയയുടെ പ്രമേയം സ്ത്രീ സ്വാതന്ത്ര്യമാണ്. 

അര്‍ധരാത്രിയില്‍ വിജനമായ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സിയ എന്ന മുസ്ലിം പെണ്‍കുട്ടി അപരിചനായ ഒരാളെ കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രം എന്ന പ്രത്യേകതയാണ് സിയയെ വ്യത്യസ്തമാക്കുന്നത്.  മാധ്യമ പ്രവര്‍ത്തകനായ നിസാര്‍ മുഹമ്മദ്, നടി അഞ്ജലി എന്നിവരാണ് അഭിനേതാക്കള്‍. നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള വിശാഖ് ആണ് സിയയുടെ ഛായാഗ്രാഹകന്‍. 

ഇസ്രയേലില്‍ നിന്നുള്ള അപ്‌ലോഡിംഗ് ഹോളോകോസ്റ്റ്, ആന്റ് ദി അലിഷേ വൈറ്റ് വാഷ്ഡ് ഇന്‍ ലൈറ്റ് ബ്ലൂ, ബ്രിട്ടന്‍ ചിത്രം ക്രേസി മൂണ്‍, പാക്കിസ്ഥാനില്‍ നിന്നുള്ള പര്‍വീണ്‍ റഹ്മാന്‍: ദി റിബല്‍ ഒപ്റ്റിമിസ്റ്റ്, ജപ്പാന്‍ ചിത്രം സെന്‍ ആന്റ് ബോണ്‍സ് എന്നിവയാണ് ഇന്ത്യന്‍ ഭാഷയ്ക്ക് പുറമേ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

click me!