ഓണവില്ലിന്‍ കഥകളുമായി ഓണത്തുമ്പികള്‍ മഹാമാരിക്കാലത്തും വിരുന്നെത്തും..

By Web TeamFirst Published Jul 31, 2021, 9:50 PM IST
Highlights

കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിരവധി ആചാരങ്ങളും വിശ്വാസങ്ങളും ഓണവുമായി ബന്ധപ്പെട്ട് ആചരിച്ചു പോരുന്നു. അവയിലൂടെ കൊവിഡ് കാലത്ത് ഒരു യാത്ര പോകാം

കൊവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ ഓണം വിരുന്നെത്തുന്നത് ഇത് രണ്ടാം തവണയാണ്. മഹാമാരിക്കാലത്തെ ഓണം മലയാളിയെ പുതിയത് പലതും പഠിപ്പിച്ചിരിക്കുന്നു. പക്ഷേ ഓണം പതിവ് ശൈലിയില്‍ കേളികൊട്ടുണര്‍ത്തിയാലും ഇല്ലെങ്കിലും ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ ഓര്‍മ്മകള്‍ മലയാളി മനസുകളില്‍ നിന്ന് ഒരിക്കലും മായാനിടയില്ല. കഥകളും ഉപകഥകളും മെനയുന്ന മനോഹാരിതയാണ് ഓണത്തെ മലയാളിയുടെ ലാവണ്യോത്സവമാക്കുന്നത്. കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിരവധി ആചാരങ്ങളും വിശ്വാസങ്ങളും ഓണവുമായി ബന്ധപ്പെട്ട് ആചരിച്ചു പോരുന്നു. അവയിലൂടെ കൊവിഡ് കാലത്ത് ഒരു യാത്ര പോകാം. 

പത്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ആചാരത്തിന്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്ന സമയത്ത്, വിഷ്‍ണുവിന്റെ വിശ്വരൂപം കാണണമെന്ന് മഹാബലി ആഗ്രഹം പ്രകടിപ്പിച്ചു. വിഷ്‍ണുവിന്റെ ഓരോ കാലങ്ങളിലേയും അവതാര ദര്‍ശനം തനിക്കു സാധ്യമാക്കണമെന്ന് വീണ്ടും മഹാബലി അപേക്ഷിച്ചു. ആ സമയം വിഷ്‍ണു വിശ്വകര്‍മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും കാലാകാലങ്ങളില്‍ അവതാര ചിത്രങ്ങള്‍ ഭഗവത് സന്നിധ്യില്‍വച്ച് മഹാബലിയെ വരച്ചുകാട്ടണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെ മഹാബലിക്കു വിഷ്‍ണുവിന്റെ അവതാര ചിത്രങ്ങള്‍ വരച്ചു കാട്ടാനാണ് പത്മനാഭ സ്വാമി സന്നിധിയിലേക്ക് ഓണവില്ല് നല്‍കുന്നതെന്ന് വിശ്വാസം.

(ശ്രീ പത്മനാഭസ്വാമി ക്ഷേത്രം)

കടമ്പ് മരത്തിന്റെ തടികൊണ്ടാണ് ഓണവില്ല് തയാറാക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ അനന്തശയനം, ലക്ഷമി, താടക, കാവല്‍ഭൂതങ്ങള്‍, മഹര്‍ഷി തുടങ്ങിയ ചിത്രങ്ങള്‍ വില്ലില്‍ വരയ്ക്കും. എട്ടു വില്ലുകളാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ചാര്‍ത്തുന്നത്. വില്ലില്‍ ചുവന്ന ചരടും തുഞ്ചലവും കെട്ടും. ഇതു വിശ്വാസികള്‍ ക്ഷേത്രത്തില്‍നിന്നു വാങ്ങി വീടുകളില്‍ സൂക്ഷിക്കാറുണ്ട്. ഐശ്വര്യദായകമാണിതെന്നാണു വിശ്വാസം.

വില്ല് നിര്‍മിക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍. 41 ദിവസത്തെ വ്രതാനുഷ്ഠാനം വേണം. കരമന വാണിയംമൂല മൂത്താശാരി കുടുംബത്തിന്റെ അവകാശമാണു വില്ല് നിര്‍മാണം. കേരളത്തിന്റെ ഭൂപടത്തെക്കൂടി ഈ വില്ലിന്റെ രൂപം അനുസ്മരിപ്പിക്കുന്നു.

തിരുവോണ നാളിലാണു വില്ല് പദ്മനാഭ സ്വാമി ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിക്കുന്നത്. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ പൂജകള്‍ക്കുശേഷം കൊട്ടാരത്തിലെ പൂജാമുറിയിലേക്കു കൊണ്ടുപോകും. ഈ ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഓണവില്ലുകള്‍ കാണാനാകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!