ഒമാനിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയില്‍; ടിക്കറ്റ് നിരക്കില്‍ തീവെട്ടിക്കൊള്ള

By Bino Puthen PurackalFirst Published Aug 27, 2021, 8:34 PM IST
Highlights

2021 ഏപ്രില്‍ 24 മുതലാണ് ഒമാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 129 ദിവസത്തിനു ശേഷം കേരളത്തില്‍ നിന്നും ഒമാനിലേക്ക് മടങ്ങുന്ന ഓരോ പ്രവാസിക്കും കൊവിഡ് ദുരന്തത്തെക്കാള്‍ നേരിടുന്ന പ്രതിസന്ധിയാണ് വിമാനകമ്പനികളില്‍ നിന്നും നേരിടേണ്ടി വരുന്നത്.

മസ്‌കറ്റ്: കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭാഗമായി ഒമാന്‍ നടപ്പിലാക്കിയിരുന്ന യാത്രാവിലക്ക് ഓഗസ്റ്റ് 31ന് അവസാനിക്കുകയാണ്. സെപ്തംബര്‍ ഒന്നുമുതല്‍ ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നിബന്ധനകളോട് കൂടി രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കും. എന്നാല്‍ വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവ് മൂലം ആശങ്കയിലായിരിക്കുകയാണ് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍.

2021 ഏപ്രില്‍ 24 മുതലാണ് ഒമാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 129 ദിവസത്തിനു ശേഷം കേരളത്തില്‍ നിന്നും ഒമാനിലേക്ക് മടങ്ങുന്ന ഓരോ പ്രവാസിക്കും കൊവിഡ് ദുരന്തത്തെക്കാള്‍ നേരിടുന്ന പ്രതിസന്ധിയാണ് വിമാനകമ്പനികളില്‍ നിന്നും നേരിടേണ്ടി വരുന്നത്. 'യാത്രാ വിലക്ക് അവസാനിപ്പിച്ചുവെന്ന ഒമാന്‍ സര്‍ക്കാരിന്റെ വാര്‍ത്ത സന്തോഷം നല്‍കുന്നതാണ്, എന്നാല്‍  ഞങ്ങള്‍ക്ക് മസ്‌കറ്റിലേക്കു  പോകുവാന്‍ ടിക്കറ്റ്  എടുക്കുവാന്‍ കഴിയുമോ എന്നു തോന്നുന്നില്ല. ഞാനും ഭാര്യയും മകനും മസ്‌കറ്റിലേക്കു തിരികെ വരണമെങ്കില്‍ ആയിരം ഒമാനി റിയാലിനടുത്ത് ചിലവാകും'- കൊല്ലം കരുനാഗപ്പള്ളി ഓച്ചിറ ആയിരംതെങ്ങ് സ്വദേശി സജി പുരുഷന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഏകദേശം രണ്ടു ലക്ഷം രൂപയോളം ഉണ്ടെങ്കിലേ സജിക്കും കുടുംബത്തിനും മസ്‌കറ്റിലേക്കുള്ള  മടക്കയാത്ര സാധ്യമാകൂ. സ്വന്തമായി തൊഴില്‍ ചെയ്തു ജീവിക്കുന്ന തനിക്ക് ഇത് ഒരു ഭാരിച്ച കടമ്പയാണെന്നും സജി പറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സെപ്തംബര്‍ മാസത്തെ കൊച്ചി മസ്‌കറ്റ് ടിക്കറ്റ് നിരക്ക് പരസ്യപ്പെടുത്തിയിരിക്കുന്നത് 340 ഒമാനി റിയാലും മറ്റ് അധിക ചാര്‍ജുകളും എന്നാണ്. എന്നാല്‍, മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള സെപ്തംബര്‍ പതിനഞ്ചു വരെയുള്ള ടിക്കറ്റു നിരക്ക്  നൂറു ഒമാനി റിയാല്‍ മുതല്‍ നൂറ്റി നാല്പതു റിയാല്‍  മാത്രമാണെന്നും മസ്‌കറ്റിലെ ഒരു സ്വകാര്യ ട്രാവല്‍കമ്പനി ഉടമ റെന്നി ജോണ്‍സണ്‍  പറഞ്ഞു.

ഈ നിരക്ക് ഇനിയും താഴേക്കു പോകുമെന്നും റെന്നി കൂട്ടിച്ചേര്‍ത്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല പതിനായിരകണക്കിന് പ്രവാസികളാണ് കേരളത്തില്‍ നിന്നും ഒമാനിലേക്ക് തിരിച്ചു വരുവാനായി  കാത്തിരിക്കുന്നത്. ഇതുപോലുള്ള പകല്‍ തീവെട്ടി കൊള്ള മൂലം മടക്ക യാത്രക്ക് മുടക്കം നേരിട്ടിരിക്കുന്നതു ആയിരങ്ങള്‍ക്കാണ്. എയര്‍ ബബിള്‍ എന്ന സംവിധാനത്തിലൂടെ  ഭാരത സര്‍ക്കാര്‍ എയര്‍  ഇന്ത്യക്കും എയര്‍ ഇന്ത്യ എക്‌സ് പ്രസ്സിനും മാത്രമേ  വിദേശ രാജ്യങ്ങളിലേക്ക്  സര്‍വീസുകള്‍ നടത്തുവാന്‍ അനുവാദം നല്കിയിട്ടുള്ളു.

കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ 2020  ഒക്ടോബര്‍ 1 മുതല്‍ വ്യവസ്ഥകള്‍ക്കനുസൃതമായി വിമാന സര്‍വീസുകള്‍ നടത്തുവാന്‍  ഇന്ത്യയും ഒമാനും 'എയര്‍ ബബിള്‍' എന്ന യാത്രാ ക്രമീകരണങ്ങള്‍ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍  പുനരാംഭിക്കുന്നതിനായി  രണ്ടു രാജ്യങ്ങള്‍  തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ഇടപാടാണ് എയര്‍ ബബിള്‍ സംവിധാനംഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക്  അനുസരിച്ചും കോവിഡ് മാനദണ്ഡങ്ങള്‍  പാലിച്ചുമാണ്  സര്‍വീസുകള്‍ നടത്തി വരുന്നതും.'എയര്‍ ബബിള്‍' കരാര്‍ അനുസരിച്ചു  ഇന്ത്യയില്‍ നിന്ന് ഓമനിലേക്കും തിരിച്ചു ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കും എയര്‍ ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ കമ്പനികള്‍ക്ക് മാത്രമേ സര്‍വീസുകള്‍ നടത്തുവാന്‍  അനുവാദമുള്ളൂ.

എയര്‍ ഇന്ത്യ ,എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സംയുക്തമായി  6000  സീറ്റുകളും ,  ഒമാന്‍ ഭാഗത്ത് നിന്നും 3500  സീറ്റുകള്‍ ഒമാന്‍  എയറും , 2500  സീറ്റുകള്‍ സലാം എയറും കൂടി പ്രതിവാരം  12000 സീറ്റുകളാണ് 'എയര്‍ ബബിള്‍'  കരാര്‍ അനുസരിച്ചു അനുവദിച്ചിട്ടുള്ളത്. സെപ്തംബര്‍ ഒന്ന് മുതല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒന്നുകില്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റു വിമാന കമ്പനികള്‍ക്ക് കൂടി സര്‍വീസിന് അനുവാദം നല്‍കുകയോ ചെയ്‌തെങ്കില്‍ മാത്രമേ ടിക്കറ്റ് നിരക്കില്‍ കുറവ് ഉണ്ടാകുവാന്‍ സാധ്യതയുള്ളുവെന്ന് സ്വകാര്യ ട്രാവല്‍ കമ്പനി ഉടമ റെന്നി ജോണ്‍സന്‍  വ്യക്തമാക്കി.

കൊവിഡ്  മൂലം സര്‍വ്വതും തകര്‍ന്ന പ്രവാസികള്‍ക്ക് വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നത് മറ്റൊരു പ്രതിസന്ധിയാരിക്കുകയാണെന്നും ഈ മേഖലയിലേക്ക് അധിക വിമാന സര്‍വീസുകള്‍ അനുവദിച്ചു കൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍  ഇടപെടണമെന്നും ഒപ്പം ജനപ്രതിനിധികള്‍  പ്രവാസികളോടൊപ്പം ചേരണമെന്നും ഒമാനിലെ  വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കൊവിഡ്  കാലഘട്ടത്തിലെങ്കിലും വിമാന യാത്ര നിരക്കിലെ ഈ ദുരവസ്ഥക്ക് ഒരു പരിഹാരം കാണുമെന്നുള്ള പ്രതീക്ഷയിലാണ് ഗള്‍ഫിലെയും നാട്ടിലും കുടുങ്ങിയിരിക്കുന്ന പ്രവാസികളുടെ ആവശ്യം. നിലവില്‍ എയര്‍ ബബിള്‍ കരാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഭാരത സര്‍ക്കാരാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!