മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടു; പുരാതന ഗ്രാമത്തിന്‍റെ ക്രിസ്തീയ നാമം പുന:സ്ഥാപിച്ച് ബഹ്റൈന്‍

By K T NoushadFirst Published May 31, 2019, 6:11 PM IST
Highlights

ബഹ്‌റൈന്‍ വിമാനത്താളത്തിന് സമീപം ദൈറില്‍ ബ്ലോക്ക് 232 എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്തിനാണ് ഫരീജ് അല്‍ റാഹിബ് എന്ന പുരാതന നാമം പുന:സ്ഥാപിച്ചു നല്‍കിയത്. സന്യാസിയുടെ അയല്‍പക്കം എന്നാണ് ഫരീജ് അല്‍ റാഹിബിന്റെ അര്‍ത്ഥം

മനാമ: ബഹ്‌റൈനിലെ പുരാതന ഗ്രാമത്തിന്റെ ക്രിസ്തീയ നാമം പുന:സ്ഥാപിക്കാനുളള മുഹറഖ് മുനിസിപ്പിലാറ്റിയുടെ തീരുമാനം ശ്രദ്ധേയമാകുന്നു. പുണ്യമാസമായി മുസ്‌ലിങ്ങള്‍ കണക്കാക്കുന്ന റമദാനിലാണ് സഹിഷ്ണുത വിളംബരം ചെയ്യുന്ന ചരിത്ര തീരുമാനത്തിന് മുഹറഖ് മുനിസിപ്പില്‍ കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് കൈ പൊക്കിയത്. പുരാതന ക്രിസ്ത്രീയ ചരിത്ര പശ്ചാത്തലം സൂചിപ്പിക്കുന്ന പേരു ഉപയോഗിക്കുന്നതില്‍ അഭിമാനിക്കുന്ന ശിആ മുസ്‌ലിങ്ങളായ നിവാസികളുടെ ആവശ്യ പ്രകാരമായിരുന്നു കൗണ്‍സിലിന്റെ തീരുമാനം.

ബഹ്‌റൈന്‍ വിമാനത്താളത്തിന് സമീപം ദൈറില്‍ ബ്ലോക്ക് 232 എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്തിനാണ് ഫരീജ് അല്‍ റാഹിബ് എന്ന പുരാതന നാമം പുന:സ്ഥാപിച്ചു നല്‍കിയത്. സന്യാസിയുടെ അയല്‍പക്കം എന്നാണ് ഫരീജ് അല്‍ റാഹിബിന്റെ അര്‍ത്ഥം. പ്രശസ്തനായ ഒരു ക്രിസ്ത്യന്‍ സന്യാസി ഇവിടെ താമസിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്്തിരുന്നുവെന്ന് പ്രദേശവാസിയും ഭൂമിശാസ്ത്ര അദ്ധ്യാപകനുമായ ഹസന്‍ അല്‍ വര്‍ദി 'ഏഷ്യാനെറ്റ് ഓണ്‍ലൈനി'നോട്  പറഞ്ഞു.

ആറാം നൂറ്റാണ്ടില്‍ ഗ്രാമം മുഴുവന്‍ ഇസ്‌ലാം സ്വീകരിച്ചെങ്കിലും ക്രിസ്തീയ പാരമ്പര്യം സൂചിപ്പിക്കുന്ന സ്ഥലനാമം ഗ്രാമീണര്‍ കൈവിട്ടില്ല. പൊട്ടിപ്പൊളിഞ്ഞുക്കിടന്ന ആശ്രമത്തിന്റെ സ്ഥാനത്ത് 1952-ല്‍ മുസ്‌ലിം പളളി പണിതപ്പോഴും അതേ പേര് തന്നെ നല്‍കി-അല്‍ റാഹിബ് പളളി. ഗ്രാമവാസികളില്‍ പലരും വ്യാപാരസ്ഥാപനങ്ങള്‍ക്കും ആ പേര് തന്നെയിട്ടു പോന്നു. കുടുംബപേരായി അല്‍ ദൈറി എന്നുപേയോഗിച്ചും ക്രിസ്തീയ ചരിത്ര പശ്ചാത്തലം അവര്‍ വെളിപ്പെടുത്തിക്കൊണ്ടിരുന്നു.

ഔദ്യോഗിക രേഖകളില്‍ കൂടി ഈ പേര് തന്നെ വേണമെന്ന ആവശ്യം പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറായ ഫാദില്‍ അല്‍ ഔദിനോട് നാട്ടുകാര്‍ ഉന്നയിക്കുകയും അദ്ദേഹമത് കൗണ്‍സിലില്‍ അവതരിപ്പിക്കുകയുമായിരുന്നു. ഈ പ്രദേശം കൂടി ഉള്‍ക്കൊളളുന്ന ഏരിയയുടെ പേര് സന്യാസി മഠം എന്നര്‍ത്ഥം വരുന്ന അല്‍-ദൈര്‍ എന്നാണ്. മഠങ്ങളുടെയും പളളിയുടെയും കേന്ദ്രമെന്നര്‍ത്ഥമുളള ഗലാലിയെന്നാണ് തൊട്ടടുത്ത സ്ഥലത്തിന്റെ പേര്. ക്രിസ്ത്യാനികളും മഠങ്ങളും ഉണ്ടായിരുന്ന പ്രദേശങ്ങളെന്ന നിലയിലാണ് ഈ പേരുകള്‍ കൈവന്നത്.

1902-ല്‍ ക്രിസ്ത്യന്‍ മിഷനറിയുടെ കീഴില്‍ ബഹ്‌റൈനില്‍ അമേരിക്കന്‍ മിഷന്‍ ആശുപത്രി തുടങ്ങിയപ്പോള്‍ ഫരീജ് അല്‍ റാഹിബിലെ നിവാസികള്‍ക്ക് ക്രിസ്ത്യന്‍ ചരിത്ര പശ്ചാത്തലം പരിഗണിച്ച് സൗജന്യ ചികിത്സ നല്‍കിയിരുന്നെന്നും 1976 വരെ അതു തുടര്‍ന്നെന്നും അല്‍ അറാദി പറഞ്ഞു. നെസ്റ്റോറിയന്‍ അഥവാ പേര്‍ഷ്യന്‍ ചര്‍ച്ചിന്റെ രേഖകള്‍ പ്രകാരം അഞ്ചാം നൂറ്റാണ്ടിലെ അഞ്ച് ബിഷപ്പ് ആസ്ഥാനങ്ങളില്‍ രണ്ടെണ്ണം ബഹ്‌റൈനിലാണുണ്ടായിരുന്നത്. അതിലൊന്ന് ദൈറിലാണെന്നാണ് കരുതപ്പെടുന്നത്. 

765 ചതുരശ്ര കി.മീറ്റര്‍ മാത്രം വിസ്തീര്‍ണമുളള കൊച്ചു ദ്വീപായ ബഹ്‌റൈനില്‍ 19 ക്രിസ്ത്യന്‍ പളളികളും, ആറ് അമ്പലങ്ങളും, ഒരു സിനഗോഗുമുണ്ട്. തദ്ദേശീയരായ ക്രിസ്താനികളുടെയും ജൂതരുടെയും ജനസംഖ്യ നാമമാത്രമാണെങ്കിലും പാര്‍ലമെന്റില്‍ ഇവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താറുണ്ട്. ദീര്‍ഘകാലം ലണ്ടനിലെ ബഹ്‌റൈന്‍ അംബാസഡറായി ചുമതല വഹിച്ചിരുന്നത് ക്രിസ്ത്യാനിയായ അലീസ് തോമസ് സമാനായിരുന്നു. പന്നിയിറച്ചിക്കും മദ്യത്തിനും നിരോധനമില്ലാത്ത ഇസ്‌ലാമിക രാജ്യം കൂടിയാണ ബഹ്‌റൈന്‍. ഭരണാധികാരികള്‍ ക്രിസ്തുമസ് ദീപാവലി ദിനങ്ങളില്‍ പളളികളും അമ്പലങ്ങളും വിശ്വാസികളുടെ വീടുകളും സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറുന്നതും ഇവിടെ പതിവാണ്.

click me!