സൗദിയിൽ വാണിജ്യസ്ഥാപനങ്ങള്‍ നടത്താനുള്ള നിബന്ധനകളിൽ മാറ്റം വരുത്തി

By Web TeamFirst Published Dec 9, 2019, 1:57 PM IST
Highlights

സ്വകാര്യ സ്‌കൂളുകൾ, റെസ്റ്റോറന്റുകൾ, പെട്രോൾ പമ്പുകൾ, സ്‌പോർട്‌സ് സെന്ററുകൾ, വാഹന സർവീസ് സെന്ററുകൾ, കല്യാണമണ്ഡപങ്ങൾ, ഗോഡൗണുകൾ, വിനോദ കേന്ദ്രങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, ആതുര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നടത്തിപ്പിനും ഇവയുടേതടക്കം പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും ടെലിഫോൺ ടവറുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ചുമത്തിയിരുന്ന നിബന്ധനകൾക്കാണ് മാറ്റം. 

റിയാദ്: സൗദി അറേബ്യയിൽ വിവിധ വാണിജ്യ, വിദ്യാഭ്യാസ, ആതുരാലയ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നഗരസഭകൾ നിശ്ചയിച്ചിരുന്ന നിബന്ധനകളിൽ കാര്യമായ മാറ്റം വരുത്തി. ഭക്ഷണശാലകളിൽ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും വെവ്വേറെ കവാടങ്ങളെന്ന വിവേചനപരമായ നിബന്ധന ഒഴിവാക്കിയതടക്കം 103 നിബന്ധനാ ഭേദഗതികൾക്കാണ് സൗദി മുനിസിപ്പൽ ഗ്രാമീണകാര്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അംഗീകാരം നൽകിയത്. 

സ്വകാര്യ സ്‌കൂളുകൾ, റെസ്റ്റോറന്റുകൾ, പെട്രോൾ പമ്പുകൾ, സ്‌പോർട്‌സ് സെന്ററുകൾ, വാഹന സർവീസ് സെന്ററുകൾ, കല്യാണമണ്ഡപങ്ങൾ, ഗോഡൗണുകൾ, വിനോദ കേന്ദ്രങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, ആതുര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നടത്തിപ്പിനും ഇവയുടേതടക്കം പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും ടെലിഫോൺ ടവറുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ചുമത്തിയിരുന്ന നിബന്ധനകൾക്കാണ് മാറ്റം. നിക്ഷേപാവസരങ്ങൾ വർദ്ധിപ്പിക്കാനും നഗരവികസനം ക്രമത്തിലാക്കാനും ഒരേ സ്വഭാവത്തിലുള്ള സ്ഥാപനങ്ങൾക്കെല്ലാം ഏകീകൃത ഘടനയും നടത്തിപ്പുരീതിയും കൊണ്ടുവരുന്നതിനും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയാണിത്. 

സ്വകാര്യ സ്‌കൂളുകൾക്ക് ഇനി മൂന്നു നില കെട്ടിടങ്ങൾ വരെ നിർമിക്കാം. നിലവിൽ ഇരുനില കെട്ടിടങ്ങളേ അനുവദിച്ചിരുന്നുള്ളൂ. ഒരു വിദ്യാർഥിക്ക് ഒരു ചതുരശ്രമീറ്ററെന്ന നിലയിൽ സ്കൂളിൽ സ്ഥലസൗകര്യമുണ്ടാവണം. വിവിധ സ്‌കൂളുകൾ തമ്മിൽ നിശ്ചിത അകലം വേണമെന്ന നിബന്ധന ഒഴിവാക്കി. ഭക്ഷണശാലകളുടെ കെട്ടിടത്തിന്റെ മുൻവശത്തിന് നിശ്ചിത നീളം വേണമെന്ന നിബന്ധനയും റദ്ദ് ചെയ്തു. ക്ലോസ്ഡ് സർക്യൂട്ട് ടിവി കാമറകൾ ഘടിപ്പിച്ചാൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലും അടുക്കള പ്രവർത്തിപ്പിക്കാം. നിലവിൽ ഗ്രൗണ്ട് നിലയിൽ മാത്രമേ പാടുണ്ടായിരുന്നുള്ളൂ. പെട്രോൾ സ്റ്റേഷനുകൾ നഗരത്തിന് പുറത്ത് 'എ' വിഭാഗത്തിലും നഗരത്തിനുള്ളിൽ 'ബി' വിഭാഗത്തിലുമായിരിക്കും. മറ്റു സേവനങ്ങളൊന്നും ലഭ്യമല്ലെങ്കിൽ 500 ചതുരശ്ര മീറ്റർ സ്ഥലത്ത് രണ്ടു പമ്പുകൾ മതിയാകും. 

മെയിന്റനൻസ്, ഓയിൽ ചേഞ്ച്, ബൂഫിയ എന്നീ സ്ഥാപനങ്ങൾ പെട്രോൾ സ്റ്റേഷനുകളിൽ പ്രവർത്തിപ്പിക്കണമെങ്കിൽ അതിനാവശ്യമായ നിശ്ചിത ഭൂമിയുണ്ടാവണം. അതായത് നഗരത്തിലെ പമ്പ് ആണെങ്കിൽ പമ്പ് സംവിധാനങ്ങൾക്ക് പുറത്ത് 30 ശതമാനം അധിക സ്ഥലവും നഗരത്തിന് പുറത്താണെങ്കിൽ 40 ശതമാനം അധിക സ്ഥലവും വേണം. നിലവിൽ ഇത് 10 ശതമാനമായിരുന്നു. സ്‌പോർട്‌സ് സെന്ററുകൾ തമ്മിൽ നിശ്ചിത അകലം വേണമെന്നതും കെട്ടിടങ്ങൾക്ക് നിശ്ചിത അളവ് വേണമെന്നതും ഒഴിവാക്കി. ആശുപത്രികളിൽ ഒരു കട്ടിലിന് 180 ചതുരശ്രമീറ്റർ സ്ഥലം വേണം. മെഡിക്കൽ കോംപ്ലക്‌സുകൾ 400 ചതുരശ്ര മീറ്ററിൽ കുറയാനും പാടില്ല. 

20 മീറ്ററിനേക്കാൾ വീതി കുറവുള്ള റോഡുകളിൽ വാഹന സർവീസ് സെന്ററുകൾ സ്ഥാപിക്കരുത്. ചരക്ക് നീക്കത്തിനുള്ള സ്ഥലങ്ങൾക്ക് ഒരു ലോറിക്ക് 200 ചതുരശ്ര മീറ്റർ വിസ്താരം വേണം. റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് മുൻവശം ഒരു കാർ പാർക്ക് ചെയ്യാൻ 24 ചതുരശ്രമീറ്ററാണ് ആവശ്യമുള്ളത്. ഗോഡൗണുകൾ നിർമിക്കുകയാണെങ്കിൽ 300 ചതുരശ്രമീറ്റർ വിസ്താരം കുറയാൻ പാടില്ല. നേരത്തെ ഇത് 2,000 ചതുരശ്ര മീറ്ററായിരുന്നു. ഉയരം എട്ട് മീറ്ററിൽ കുറയരുത്. നഗരത്തിനുള്ളിലെ ഗോഡൗണുകളുടെ വിസ്തീർണം 150 ചതുരശ്രമീറ്ററിനേക്കാൾ കൂടുതലാകാൻ പാടില്ല. കല്യാണമണ്ഡപങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. സിനിമ തിയേറ്ററുകളും വിനോദ കേന്ദ്രങ്ങളും വാണിജ്യ റോഡുകൾക്ക് സമീപം ആയിരിക്കണം.

click me!