സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കുറവ്

By Web TeamFirst Published Mar 3, 2019, 9:58 AM IST
Highlights

സൗദിയിൽ ജോലിചെയ്യുന്ന വിദേശികൾ ജനുവരിയിൽ നിയമാനുസൃത മാർഗത്തിലൂടെ വിദേശത്തേക്ക് അയച്ചത് 1,102 കോടി റിയാലാണ്. കഴിഞ്ഞ ഡിസംബറിൽ അയച്ചിരുന്ന പണത്തേക്കാൾ ജനുവരിയിൽ 2.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

റിയാദ്: സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിൽ കുറവ്. ഒരു മാസത്തിനിടെ 28.6 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ 1,102 കോടി റിയാൽ ആണ് വിദേശികള്‍ അയച്ചത്.

സൗദിയിൽ ജോലിചെയ്യുന്ന വിദേശികൾ ജനുവരിയിൽ നിയമാനുസൃത മാർഗത്തിലൂടെ വിദേശത്തേക്ക് അയച്ചത് 1,102 കോടി റിയാലാണ്. കഴിഞ്ഞ ഡിസംബറിൽ അയച്ചിരുന്ന പണത്തേക്കാൾ ജനുവരിയിൽ 2.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ചു ഈ വർഷം 6.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1040 കോടി റിയാലായിരുന്നു
2018 ജനുവരിയിൽ വിദേശികള്‍ സൗദിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് അയച്ചത്. അതിനെ അപേക്ഷിച്ചു 63.7 കോടി റിയാലിന്റെ വര്‍ദ്ധനവുണ്ട്.

കഴിഞ്ഞ വർഷം നിയമാനുസൃത മാർഗത്തിലൂടെ വിദേശികള്‍ അയച്ച പണത്തിൽ 3.7 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതിനാൽ വിദേശികൾ തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചു പോകുന്നതാണ് പണത്തിൽ കുറവ് രേഖപ്പെടുത്താൻ കാരണമെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ ആകെ ജനസംഖ്യ 33.4 ദശലക്ഷമാണ്. ഇതിൽ 20.8 ദശലക്ഷം സ്വദേശികളും 12.6 ദശലക്ഷം വിദേശികളുമാണ്. രാജ്യത്തെ ജനസംഖ്യയിൽ 37.8 ശതമാനമാണ് വിദേശികള്‍.

click me!