മമത തിരുത്തിയ ചരിത്രം; കണക്കുകള്‍ ഇങ്ങനെയാണ്‌

By Web TeamFirst Published Mar 17, 2019, 7:23 PM IST
Highlights

ഒരു സ്ഥാനാര്‍ത്ഥി പട്ടികയില്‍ 40 ശതമാനവും  സ്‌ത്രീകള്‍ എന്നത്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഇന്ന്‌ വരെ കേട്ടുകേള്‍വിയില്ലാത്ത സംഗതിയായിരുന്നു

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ ഞെട്ടിയവരാണ്‌ രാജ്യത്തെ സകല രാഷ്ട്രീയപാര്‍ട്ടികളും. ഒരു സ്ഥാനാര്‍ത്ഥി പട്ടികയില്‍ 40 ശതമാനവും  സ്‌ത്രീകള്‍ എന്നത്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഇന്ന്‌ വരെ കേട്ടുകേള്‍വിയില്ലാത്ത സംഗതിയായിരുന്നു. ആ ചരിത്രം മമതയും പശ്ചിമബംഗാളും തിരുത്തിക്കുറിക്കുമ്പോഴും സ്‌ത്രീ ശാക്തീകരണവും നവോത്ഥാനവും പ്രസംഗത്തിലല്ലാതെ പ്രവര്‍ത്തിയിലേക്ക്‌ കൊണ്ടുവരാന്‍ കഴിയാത്തവരായി ദേശീയ പാര്‍ട്ടികള്‍ നിലനില്‍ക്കുകയാണ്‌. 1996 മുതല്‍ 2014 വരെയുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയും 10 ശതമാനത്തിലധികം സീറ്റുകള്‍ സ്‌ത്രീകള്‍ക്ക്‌ നല്‍കാന്‍ തയ്യാറായിട്ടില്ല എന്നാണ്‌. 

മുമ്പില്‍ കോണ്‍ഗ്രസ്‌ പിന്നില്‍ ബിഎസ്‌പി

സ്ഥാനാര്‍ത്ഥി പട്ടികയിലെ സ്‌ത്രീ പ്രാതിനിധ്യത്തിന്‍റെ പേരില്‍ ഏറ്റവും മുന്‍ പന്തിയിലുള്ളത്‌ കോണ്‍ഗ്രസാണ്‌. 1996 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലോക്‌സഭാ സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസ്‌ നിര്‍ത്തിയിട്ടുള്ളത്‌ 286 സത്രീകളെയാണ്‌. (ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം 2780 ആണ്‌)ശരാശരി പരിശോധിച്ചാല്‍ 10:1 എന്നാണ്‌ സ്‌ത്രീ-പുരുഷ അനുപാതം. 

സ്‌ത്രീപ്രാതിനിധ്യത്തിന്‍റെ പേരില്‍ ഏറ്റവും പിന്നിലുള്ളത്‌ സ്‌ത്രീ തന്നെ തലപ്പത്തുള്ള ബിഎസ്‌പിയാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഇക്കാലയളവിനുള്ളില്‍ 1847 സ്ഥാനാര്‍ത്ഥികളെ ലോക്‌സഭയിലേക്ക്‌ മത്സരിപ്പിച്ചിട്ടുള്ള മായാവതിയുടെ ബിഎസ്‌പി അതിലുള്‍പ്പെടുത്തിയിട്ടുള്ളത്‌ വെറും 96 സ്‌ത്രീകളെ മാത്രമാണ്‌. 

"ആരോപണത്തില്‍ കഴമ്പില്ല"

ദേശീയനേതൃത്വം കയ്യാളുന്നത്‌ തന്നെ ഒരു സ്‌ത്രീയാകുമ്പോള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലെ സ്‌ത്രീപ്രാതിനിധ്യത്തെതച്ചൊല്ലിയുള്ള ആരോപണങ്ങളും വിവാദങ്ങളും അപ്രസക്തമാണെന്നാണ്‌ ബിഎസ്‌പി നേതാക്കള്‍ പറയുന്നത്‌. 'ഞങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ എല്ലായിടത്തും സ്ഥാനാര്‍ഥിത്വം നല്‍കുന്നുണ്ട്‌. ഉത്തര്‍പ്രദേശ്‌, ഹരിയാന, മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്‌ തുടങ്ങി എല്ലായിടത്തും ഞങ്ങള്‍ക്ക്‌ വനിതാ സ്ഥാനാര്‍ഥികളുണ്ട്‌'. ബിഎസ്‌പി വക്താവ്‌ അശോക്‌ സിദ്ധാര്‍ഥ്‌ പറയുന്നു.

ബിഎസ്‌പിയെ ഇക്കാര്യത്തില്‍ ബിജെപിയോടും കോണ്‍ഗ്രസിനോടും താരതമ്യപ്പെടുത്തുന്നതെന്തിനാണെന്നാണ്‌ നേതാക്കളുടെ ചോദ്യം. തങ്ങളുടേത്‌ ഒരു വലിയ രാഷ്ട്രീയപാര്‍ട്ടിയല്ല പ്രസ്ഥാനം മാത്രമാണെന്നും അവര്‍ നിലപാട്‌ സ്വീകരിക്കുന്നു.

``സമീപഭാവിയില്‍ നടക്കും"

സ്‌ത്രീകള്‍ക്ക്‌ പാര്‍ട്ടി നേതൃത്വത്തിലും സ്ഥാനാര്‍ഥി പട്ടികയിലും കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെടുന്നു. 'സ്‌ത്രീകള്‍ക്ക്‌ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. പാര്‍ട്ടി നേതൃത്വങ്ങള്‍ സ്‌ത്രീകളുടെ കഴിവില്‍ വേണ്ടത്ര വിശ്വാസം പ്രകടിപ്പിക്കാറുമില്ല. 33 ശതമാനം സ്‌ത്രീസംവരണം എന്നത്‌ കോണ്‍ഗ്രസിന്റെ സ്വ്‌പനമാണ്‌. അതിനായുള്ള പോരാട്ടങ്ങള്‍ ഇവിടെയൊന്നും അവസാനിക്കുന്നതുമല്ല.' പ്രിയങ്ക പറയുന്നു. 

9174 സ്ഥാനാര്‍ത്ഥികളില്‍ 726 സ്‌ത്രീകള്‍ മാത്രം 

കഴിഞ്ഞ ആറ്‌ തെരഞ്ഞെടുപ്പുകളിലായി മുന്‍ പന്തിയിലുള്ള അഞ്ച്‌ ദേശീയ പാര്‍ട്ടികളും കൂടി (ബിജെപി, കോണ്‍ഗ്രസ്‌,സിപിഐ,സിപിഎം,ബിഎസ്‌പി) സ്ഥാനാര്‍ഥി പട്ടികയില്‍ അവസരം നല്‍കിയിട്ടുള്ളത്‌ 726 സ്‌ത്രീകള്‍ക്ക്‌ മാത്രമാണ്‌. ആകെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 9,174 ആണ്‌ എന്നറിയുമ്പോഴാണ്‌ ഇത്‌ എത്രമാത്രം കുറവാണെന്ന്‌ മനസ്സിലാകുക. ആകെ സീറ്റുകളുടെ എണ്ണത്തിന്റെ 8 ശതമാനം മാത്രമാണ്‌ ഇക്കാലയളവില്‍ സ്‌ത്രീകള്‍ക്കായി മാറ്റിവയ്‌ക്കപ്പെട്ടിട്ടുള്ളത്‌. 

പ്രാദേശിക പാര്‍ട്ടികള്‍ ചെയ്‌തത്‌

പ്രാദേശിക പാര്‍ട്ടികളുടെ കാര്യമെടുത്താല്‍ ആറ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേക്കും കൂടി 252 വനിതാ സ്ഥാനാര്‍ഥികള്‍ എന്നതാണ്‌ കണക്ക്‌. ഇതേ കാലയളവില്‍ അപ്രസക്ത രാഷ്ട്രീയപാര്‍ട്ടികള്‍ അവസരം നല്‍കിയിട്ടുള്ളത്‌ 649 സ്‌ത്രീകള്‍ക്കാണ്‌. സ്വതന്ത്രരായി ലോക്‌സഭയിലേക്ക്‌ മത്സരിച്ച സ്‌ത്രീകളുടെ എണ്ണം 1109 ആണ്‌. 

click me!