ലോക്‌സഭയില്‍ ഗുജറാത്തില്‍ നിന്നുള്ള മുസ്ലീം പ്രാതിനിധ്യം ഇല്ലാതായിട്ട് 30 വര്‍ഷം !

By Web TeamFirst Published Apr 5, 2019, 11:59 AM IST
Highlights

1984ല്‍ അഹമ്മദ് പട്ടേലാണ് ഗുജറാത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ അവസാനത്തെ മുസ്ലീം പ്രതിനിധി.
 

അഹമ്മദാബാദ്: കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഗുജറാത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങളില്‍  മുസ്ലീംവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ പോലുമില്ല. 1984ല്‍ അഹമ്മദ് പട്ടേലാണ് ഗുജറാത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ അവസാനത്തെ മുസ്ലീം പ്രതിനിധി. 

ഗുജറാത്തിലെ ജനസംഖ്യയുടെ 9.5 ശതമാനമാണ് മുസ്ലീങ്ങളുള്ളത്. 1962ല്‍ ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായ ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ഒരേയൊരു മുസ്ലീം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ജൊഹാര ചവ്ദ ആണ് ബസ്‌കന്ത മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ ആ സ്ഥാനാര്‍ത്ഥി.

1977ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് മുസ്ലീംവിഭാഗത്തില്‍ നിന്നുള്ള രണ്ട് പേര്‍ ലോക്‌സഭയിലെത്തി. ഭാറൂച്ചില്‍ നിന്ന് അഹമ്മദ് പട്ടേലും അഹമ്മദാബാദില്‍ നിന്ന് എഹ്‌സാന്‍ ജാഫ്രിയും. ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു. 

ഭറൂച്ച് ലോക്‌സഭാ മണ്ഡലത്തിലാണ് മുസ്ലീം വോട്ടര്‍മാര്‍ ഏറ്റവംു കൂടുതലുള്ളത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 22.2 ശതമാനം മുസ്ലീങ്ങളാണ് ഇവിടെയുള്ളത്. 1962 മുതല്‍ എട്ട് മുസ്ലീം സ്ഥാനാര്‍ത്ഥികളാണ് ഭറൂച്ചില്‍ മത്സരിച്ചത്. എല്ലാവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു. പക്ഷേ, വിജയം തുണച്ചത് അഹമ്മദ് പട്ടേലിനെ മാത്രം. 1977,1982,1984 തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വിജയിച്ചു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ മത്സരിച്ച 334 സ്ഥാനാര്‍ത്ഥികളില്‍ 67 പേര്‍ മാത്രമായിരുന്നു മുസ്ലീങ്ങള്‍. അത്തവണ അവരില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് കോണ്‍ഗ്രസിന്റേതായി ഉണ്ടായിരുന്നത്. നവസരിയില്‍ നിന്ന് മത്സരിച്ച മക്‌സൂദ് മിശ്രയായിരുന്നു അത്. മറ്റുള്ള 66 മുസ്ലീം സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരോ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളോ ആയിരുന്നു.

ഗുജറാത്തിലെ മുസ്ലീങ്ങള്‍ സാമൂഹ്യമായി മാത്രമല്ല രാഷ്ട്രീയമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനായ കിരണ്‍ ദേശായി അഭിപ്രായപ്പെടുന്നു. 2002ലെ ഗുജറാത്ത് കലാപങ്ങള്‍ക്ക് ശേഷം ഇതിന്റെ തീവ്രത വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നാല്‍,വിജയസാധ്യത നോക്കിമാത്രമാണ് തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നാണ് ഗുജറാത്തിലെ ബിജെപി നേതൃത്വം പറയുന്നത്. പ്രാദേശികനേതൃത്വത്തിന് അഭിമതനായ ആളായിരിക്കണം അതെന്ന് നിര്‍ബന്ധമുണ്ടെന്നും അവര്‍ പറയുന്നു. തങ്ങള്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുണ്ടെങ്കിലും അവര്‍ വിജയിക്കാറില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഗുജറാത്ത് അസംബ്ലിയില്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടെന്നും മുസ്ലീങ്ങളെ തങ്ങള്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല എന്നതിന് തെളിവായി കോണ്‍ഗ്രസ് പറയുന്നു. 

click me!