നാളെ ബെഗുസരായിയെ വീണ്ടും ചുവപ്പിക്കാൻ കനയ്യയ്ക്കാവുമോ..?

By Babu RamachandranFirst Published Apr 28, 2019, 9:02 AM IST
Highlights

 'തപ്പുകൊട്ടുന്ന പയ്യൻ' എന്നാണ് ബെഗുസരായിയിലെ മുതിർന്നവർക്കിടയിൽ  കനയ്യാകുമാർ അറിയപ്പെടുന്നത്. സമരങ്ങൾക്കിടയിൽ പാടിയിട്ടുള്ള വിപ്ലവഗീതങ്ങളുടെ പേരിൽ മണ്ഡലത്തിലെ യുവാക്കൾക്കിടയിലെ അദ്ദേഹത്തിന്റെ ജനപ്രിയത ഏറെ വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു 'ചെഗുവേരാ' ഇമേജാണ് ഈ യുവ നേതാവിന്. 
 

 ബീഹാറിന്റെ സാംസ്കാരിക തലസ്ഥാനം  എന്നപേരിൽ പ്രഖ്യാതമായ ബെഗുസരായ് മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടം നാളെ നടക്കുമ്പോൾ ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം അവിടേക്കു കാതുകൂർപ്പിച്ചിരിക്കുകയാണ്. അതിനു കാരണം ഒന്നുമാത്രമാണ്. ജെഎൻയുവിൽ ഫാസിസ്റ്റുവിരുദ്ധ പോരാട്ടങ്ങളുടെപേരിൽ ഭരണകൂടം വേട്ടയാടിയ കനയ്യാകുമാർ എന്ന വിദ്യാർത്ഥി നേതാവ്, ഈ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തെരഞ്ഞെടുത്ത മണ്ഡലം ബെഗുസരായ് ആണ് എന്നത്. 

 'തപ്പുകൊട്ടുന്ന പയ്യൻ' എന്നാണ് ബെഗുസരായിയിലെ മുതിർന്നവർക്കിടയിൽ  കനയ്യാകുമാർ അറിയപ്പെടുന്നത്. അദ്ദേഹം തന്റെ സമരങ്ങൾക്കിടയിൽ പാടിയിട്ടുള്ള വിപ്ലവഗീതങ്ങളുടെ പേരിൽ മണ്ഡലത്തിലെ യുവാക്കൾക്കിടയിലെ അദ്ദേഹത്തിന്റെ ജനപ്രിയത ഏറെ വർധിച്ചിട്ടുണ്ട്. പുതിയ വോട്ടർമാരുടെ മനസ്സുകളിലേക്ക് തന്റെ 'ആസാദി' പ്രസംഗവുമായി കനയ്യാകുമാർ കേറിച്ചെന്നപോലെ  കുറേക്കൂടി മുതിർന്നവരായ മറ്റു രണ്ടു സ്ഥാനാർത്ഥികൾക്കും കേറിപ്പറ്റാനായിട്ടില്ല. ഇന്ത്യയിൽ ഒരു 'ചെഗുവേരാ' ഇമേജാണ് ഈ യുവ നേതാവിന്. 

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന്റെ പിന്നാലെ, പ്രചാരണത്തിന് അനുവദനീയമായ 70  ലക്ഷം രൂപ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ചെടുത്താണ് കനയ്യ ആദ്യം മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. പിന്നീട് കനയ്യയുടെ ചിന്തോദ്ദീപകങ്ങളായ പ്രസംഗങ്ങളിൽ ആകൃഷ്ടരായ നിരവധി യുവാക്കൾ, വിശേഷിച്ച് രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ കനയ്യയ്ക്കുവേണ്ടി പ്രചാരണം നടത്താനായി കഴിഞ്ഞ ഒരു മാസത്തിലധികമായി ബെഗുസരായിൽ തമ്പടിച്ചിരിക്കുകയാണ്.  ഇടത് ആഭിമുഖ്യമുള്ള നിരവധി കവികളും, തിയറ്റർ, സിനിമാ രംഗങ്ങളിൽ നിന്നുള്ളവരും ഇവിടെ പ്രചാരണത്തിനായി വന്നുപോയി. ജിഗേഷ് മേവാനി മൂന്നുദിവസം ഒരു സൈക്കിളിൽ  ബെഗുസരായി ചുറ്റിക്കറങ്ങി കനയ്യാകുമാറിനുവേണ്ടി വോട്ടുപിടിച്ചു. ബെഗുസരായിയിലെ നല്ല ഹോട്ടലുകളെല്ലാം തന്നെ ഇപ്പോൾ ഹൗസ് ഫുള്ളാണ്. ഇന്നുവരെ ബിഹാർ കണ്ടിട്ടില്ലാത്ത നിരവധി പേർ ഇന്ന് പ്രചാരണത്തിനായി കനയ്യാകുമാറിന്റെ കൂടെ കൂടാൻ വന്നുചേർന്നിട്ടുണ്ട്.

എൻഡിഎ സ്ഥാനാർഥി ഗിരിരാജ് സിങ്ങും സിപിഐ സ്ഥാനാർഥി കനയ്യാ കുമാറും ഭൂമിഹാർ ബ്രാഹ്മണന്മാരാണ്. ആർജെഡി സ്ഥാനാർഥി തൻവീർ ഹസ്സനാണ്. ബെഗുസരായിയിൽ നല്ലൊരു ശതമാനം മുസ്ലിം വോട്ടുകളുമുണ്ട്. ഏകദേശം  3  ലക്ഷം വരും അത്. ഇവിടെ തൻവീർ ഹസന്റെ സ്ഥാനാർത്ഥിത്വം കനയ്യയ്ക്ക് കിട്ടാൻ സാധ്യതയുണ്ടായിരുന്ന മുസ്‌ലിം വോട്ടുകളിൽ ചോർച്ചയുണ്ടാക്കാൻ പോന്ന ഒന്നാണ്. അതിനെ മറികടക്കാൻ വേണ്ടി മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഊന്നിയുള്ള പ്രചാരണങ്ങളാണ് കനയ്യയുടെ ടീം നടത്തുന്നത്. എങ്ങനെയും മുസ്‌ലിം വോട്ടുകളിൽ പതിയെങ്കിലും നേടാനാണ് അവരുടെ ശ്രമം. 
ഭൂമിഹാർ വോട്ടുകളിൽ കനയ്യാ കുമാറിന് കാര്യമായ പ്രതീക്ഷയുണ്ടെന്ന് തോന്നുന്നില്ല. കാരണം പാരമ്പര്യമായി എൻഡിഎയുടെ ഗിരിരാജ് സിങ്ങിന് പോവുന്ന കുറെ വോട്ടുകൾ അതിലുണ്ട്. എന്നാലും ഭൂമിഹാർ ആണെന്ന പേരിൽ കുറെ വോട്ടുകൾ കനയ്യ പ്രതീക്ഷിക്കുന്നുണ്ടാവും.

പിന്നെ ബെഗുസരായിയിൽ പ്രബലമായ പക്ഷം ദളിതരാണ്. അവരുടെ വോട്ടുകൾ തന്റെ പുരോഗമന പക്ഷത്തുനിന്നുകൊണ്ടുള്ള പ്രസംഗങ്ങളിലൂടെ നേടാൻ കനയ്യകുമാർ ശ്രമിക്കുന്നു. കനയ്യാകുമാർ എന്ന വ്യക്തിയ്ക്ക് ദളിതരുടെയും മുസ്ലിങ്ങളുടെയും ഇടയിൽ സാമാന്യം നല്ല സൽപേരുണ്ടെങ്കിലും, സിപിഐ എന്ന പാർട്ടിയുടെ പ്രതിച്ഛായ അവിടെ അല്പം പരുങ്ങലിലാണ്. ബെഗുസരായിയിൽ ഇന്നോളം പ്രവർത്തിച്ചിട്ടുള്ള സിപിഐ നേതാക്കളെല്ലാം തന്നെ ഉന്നതകുലജാതരാണ്. അതിനാൽ തന്നെ സിപിഐ എന്നാൽ ഭൂമിഹാർ ജാതിക്കാരുടെ പാർട്ടി എന്ന ഇമേജാണ് അവിടെ . ഇതേ കാര്യം തന്നെയാണ് തന്റെ തെരഞ്ഞെടുപ്പ് വേദികളിലെല്ലാം തൻവീർ ഹസ്സനും ആവർത്തിച്ചുപറയുന്നത്. പുറമേക്ക് പുരോഗമനം പറയുന്ന സിപിഐ പ്രവൃത്തികളിൽ തങ്ങളുടെ വരേണ്യതാപ്രിയം നിലനിർത്തുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ  മുസ്‌ലിം വോട്ടുകളിൽ ഒരു പങ്കും, ദളിത് വോട്ടുകളിൽ ഭൂരിഭാഗവും, ജല്ലേവാഡ് ഭൂമിഹാറുകളിൽ നിന്നുള്ള ഒരംശം വോട്ടുകളും പിന്നെ ബഹുഭൂരിപക്ഷം വരുന്ന നിഷ്പക്ഷ വോട്ടുകളും കിട്ടിയാൽ ഒരു പക്ഷേ ഗിരിരാജിനെ തോല്പിക്കാനായേക്കുമെന്നാണ് കനയ്യയുടെ പ്രതീക്ഷ. 

2014 -ൽ ബെഗുസരായിയിൽ നിന്നും ജയിച്ചത്  ബിജെപിയുടെ ഭോലാസിങ്ങ് ആയിരുന്നു. തൻവീർ ഹസ്സൻ അന്ന് 58,000 വോട്ടുകൾക്കാണ് തോറ്റത്. സിപിഐ സ്ഥാനാർഥി ബിജെപി സ്ഥാനാർത്ഥിയെക്കാൾ രണ്ടേകാൽ ലക്ഷത്തിലധികം വോട്ടുകൾക്ക് പിന്നിലായിരുന്നു. ഇത്തവണ രംഗത്തുള്ളത് കനയ്യാകുമാർ എന്ന ദേശീയപ്രാധാന്യമുള്ള ജനപ്രിയ നേതാവാണ് എന്നതിനാൽ തന്നെ ഈ കണക്കുകൾ അപ്രസക്തമാണ്. എങ്കിലും ഇവിടെ നടക്കാൻ സാധ്യതയുള്ളത് ഇതാണ്. തൻവീർ ഹസ്സനും കനയ്യാ കുമാറും തമ്മിലാണ് ഇവിടെ വോട്ടുകൾക്കായി മത്സരം നടക്കാൻ പോവുന്നത്. കാരണം ഇരുവരുടെയും ലക്‌ഷ്യം ഒരേ കൂട്ടരാണ്. ഇതുകൊണ്ട് ഗുണമുണ്ടാവാൻ പോവുന്നത് ഒടുക്കം ബിജെപിയ്ക്കാവും.

തൊണ്ണൂറുകളിൽ 'ബിഹാറിലെ ലെനിൻഗ്രാഡ് ' എന്നാണ് ബെഗുസരായ് അറിയപ്പെട്ടിരുന്നത്. 1930  തൊട്ടേ, നിരവധി ഭൂപരിഷ്കരണ സമരങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ബിഹാറിൽ ബെഗുസരായ്. 1962 -ൽ ടെഗ്രയിൽ നിന്നും എംഎൽഎ ആയിരുന്ന  ചന്ദ്രശേഖർ സിങ്ങ് ആണ് ബെഗുസരായി പാർലമെന്ററി രാഷ്ട്രീയത്തിന് സംഭാവന ചെയ്ത ആദ്യ സഖാവ്. പിന്നീടങ്ങോട്ട് കേദാർ നാഥ് സിങ്, സൂരജ് നാരായ സിങ്, ശത്രുഘ്‌നൻ പ്രസാദ് സിങ്, റാം ബിനോദ് പാസ്വാൻ,  ജലാലുദ്ദീൻ അൻസാരി തുടങ്ങിയ നിരവധി നേതാക്കൾ രംഗത്തുവന്നു. എന്നാൽ തൊണ്ണൂറുകളുടെ അവസാനത്തോടെ വന്ന അപചയത്തിന്റെ തുടർച്ചയായി അടുത്ത രണ്ടു ദശകങ്ങളിൽ ചുവപ്പിന്റെ നിറം മങ്ങി കാവിയായിട്ടുണ്ട്. ഈ കവിയെ വീണ്ടും ചുവപ്പിക്കാൻ കനയ്യാകുമാർ എന്ന വാഗ്‌മിയ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം. നാളെ പോളിങ്ങ് ബൂത്തുകളിലേക്കു പോവുന്ന ബെഗുസരായിയിലെ പ്രബുദ്ധരായ വോട്ടർമാർ തങ്ങളുടെ വിവേചനബുദ്ധി ഉപയോഗിച്ച് അതിനൊരുത്തരം തരും. അതുവരെ നമുക്ക് കാത്തിരിക്കാം..!

click me!