ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയ്‌ക്ക് തകര്‍പ്പന്‍ ജയം

By Web DeskFirst Published Dec 7, 2016, 1:12 AM IST
Highlights

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്കും ആഴ്‌സലിനും വമ്പന്‍ ജയം. ബാഴ്‌സ മോണ്‍ഷന്‍ ഗ്ലാന്‍ബായെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തപ്പോള്‍ ബേസലിനെതിരെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്റെ ജയം. വമ്പന്മാരുടെ പോരാട്ടത്തില്‍  ഒറ്റ ഗോളിന് അത്‌ലറ്റികോ മാഡ്രിഡിനെ ബയേണ്‍ മ്യൂണിക് തോല്‍പ്പിച്ചു.

എല്‍ ക്ലാസികോയിലെ സമനില നിരാശ, ചാംപ്യന്‍സ് ലീഗില്‍ ബൊറൂസിയ മോണ്‍ഷന്‍ ഗ്ലാന്‍ബാക്കെതിരെ ബാഴ്‌സലോണ തീര്‍ത്തു. അര്‍ത്തൂറോ തുറാന്റെ ഹാട്രികും മെസിയുടെ ഗോളുമാണ് ബാഴ്‌സയ്ക്ക് വമ്പന്‍ ജയമൊരുക്കിയത്. പതിനാറാം മിനിറ്റില്‍ മെസ്സിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ചാംപ്യന്‍സ് ലീഗില്‍ മെസിയുടെ തൊണ്ണൂറ്റി മൂന്നാം ഗോള്‍. ചാംപ്യന്‍സ് ലീഗ് ഗോള്‍ വേട്ടയില്‍ റൊണാള്‍ഡോയുമായുള്ള അകലം രണ്ടാക്കി കുറക്കാനും അര്‍ജന്റീനന്‍ ക്യാപ്റ്റനും കഴിഞ്ഞു. നെയ്‌മര്‍ക്കും സുവാരസിനും പകരം മുന്നേറ്റ നിരയില്‍ കിട്ടിയ തുറാന്‍ ആഘോഷമാക്കി. 50, 53, 67 മിനിറ്റുകളിലായിരുന്നു തുറാന്റെ ഗോളുകള്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി - സെല്‍റ്റിക് മത്സരം 1-1ന് സമനിലയിലായി. ബാഴ്‌സയാണ് ഗ്രൂപ്പ് ചാംപ്യന്മാര്‍.

ലൂക്കാസ് പെരേസിന്റെ ഹാട്രിക് മികവിലായിരുന്നു ബേസലിനെതിരെ ആഴ്‌സണലിന്റെ വമ്പന്‍ ജയം. 8, 16, 17 മിനിറ്റുകളില്‍ നിന്നായിരുന്നു പെരേസിന്റെ ഹാട്രിക്. ഇവോബിയുടെ വകയായിരുന്നു ഗണ്ണേഴ്‌സിന്റെ നാലാം ഗോള്‍. 78ആം മിനിറ്റില്‍ ഡൂംബിയ ബേസലിന്റെ ആശ്വാസ ഗോള്‍ നേടി.

ലെവന്റോസ്‌കിയുടെ ഒറ്റഗോളിനായിരുന്നു അത്‌ലറ്റികോ മാഡ്രിഡിനെ ബയേണ്‍ മ്യൂണിക് തോല്‍പ്പിച്ചത്. ഇരുപത്തിയെട്ടാം മിനിറ്റിലായിരുന്നു ബയേണിന്റെ വിജയഗോള്‍. ജയത്തോടെ ഗ്രൂപ്പിലെ അത്‌ലറ്റിക്കോയുടെ സമ്പൂര്‍ണ ആധിപത്യം തടയാനും ജര്‍മ്മന്‍ വമ്പന്മാര്‍ക്കായി.

പിഎസ്ജിയെ ലുഡോഗോററ്റ്‌സ് 2-2ന് സമനിലയില്‍ തളച്ചപ്പോള്‍ ഡൈനാമോ കീവ് ബെസിക്ടസിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

click me!