Latest Videos

ജേക്കബ് മാര്‍ട്ടിന്റെ കുടുംബത്തിന് ബ്ലാങ്ക് ചെക്ക് നല്‍കി ക്രുനാല്‍ പാണ്ഡ്യ

By Web TeamFirst Published Jan 22, 2019, 11:11 AM IST
Highlights

ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിനാണ് ക്രുനാല്‍ ചെക്ക് കൈമാറിയത്. ഒപ്പം ഒറു കുറിപ്പും കൈമാറി. സര്‍, മാര്‍ട്ടിന്റെ ചികിത്സക്ക് എത്ര തുക ആവശ്യമാണോ അത് എടുക്കുക, എന്തായാലും ഒരു ലക്ഷത്തില്‍ കുറഞ്ഞൊരു തുക എഴുതിയെടുക്കരുത്.

മുംബൈ: വിവാദങ്ങളുടെ പിച്ചില്‍ ബാറ്റ് വീശിയിരുന്ന പാണ്ഡ്യ കുടുംബത്തില്‍ നിന്ന് മഹത്തായ മാതൃകയുമായി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്റെ ചികിത്സക്ക് ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കി മാതൃകയായിരിക്കുകയാണ് ക്രുനാല്‍ പാണ്ഡ്യ. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിനാണ് ക്രുനാല്‍ ചെക്ക് കൈമാറിയത്. ഒപ്പം ഒറു കുറിപ്പും കൈമാറി. സര്‍, മാര്‍ട്ടിന്റെ ചികിത്സക്ക് എത്ര തുക ആവശ്യമാണോ അത് എടുക്കുക, എന്തായാലും ഒരു ലക്ഷത്തില്‍ കുറഞ്ഞൊരു തുക എഴുതിയെടുക്കരുത്.

അതേസമയം, ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന  മാര്‍ട്ടിന്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. 1999 മുതല്‍ രണ്ടു വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച ജേക്കബ് മാര്‍ട്ടിന് ഡിസംബര്‍ 28-നുണ്ടായ വാഹനാപകടത്തിലാണ്  ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ക്രിക്കറ്റ് ലോകത്തോടും ബിസിസിഐ അടക്കമുള്ള സംഘടനകളോടും സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച്  കുടുംബം  രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് അടിയന്തര ധനസഹായമായി ബിസിസിഐ 5 ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷം രൂപയും അനുവദിച്ചു. ഇതിന് പുറമെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍ എന്നിവരും സഹായ ഹസ്തവുമായി രംഗത്തെത്തി. ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്താണ് മാര്‍ട്ടിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ ടീം പരീശിലകന്‍ രവി ശാസ്ത്രിയും ടീം ഇന്ത്യയുടെ ഭാഗത്തുനിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

70000 രൂപയോളമാണ് മാര്‍ട്ടിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തി വച്ചിരുന്നു. പിന്നീട് ബിസിസിഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ തുടര്‍ന്നത്.

1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളില്‍ ജേക്കബ് മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ റെയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും മാര്‍ട്ടിനായിരുന്നു. 2000-2001 സീസണില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം.

click me!