ഒളിംപിക്സ് പരീക്ഷ കഴിഞ്ഞു; ദിപയ്ക്ക് ഇപ്പോള്‍ എംഎ പരീക്ഷ

By Web DeskFirst Published Aug 26, 2016, 9:34 AM IST
Highlights

അഗര്‍ത്തല: റിയോ ഒളിംപിക്‌സില്‍ ജിംനാസ്റ്റിക്‌സ് ഫൈനലില്‍ നാലാം സ്ഥാവരെ എത്തിയ രാജ്യത്തിന്റെ അഭിമാന താരം ദിപ കര്‍മാകര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിന് ശേഷം എന്തുചെയ്യുകയാണ്. ദിപ കടുത്ത പരിശീലനത്തിലാണ്. പക്ഷേ തല്‍ക്കാലം ജിംനാസ്റ്റിക്‌സല്ല ദിപയുടെ പഠനം. എംഎ പരീക്ഷയാണെന്ന് മാത്രം.

റിയോ ഒളിംപിക്‌സില്‍ തലനാരിഴക്ക് മെഡല്‍ നഷ്‌ടപ്പെട്ടെങ്കിലും ജിംനാസ്റ്റിക്‌സ് എന്ന കായികയിനത്തിന് നേരെ ഇന്ത്യയെന്ന പേര് കൂടി എഴുതിച്ചേര്‍ത്താണ് ദിപ മടങ്ങിയെത്തിയത്. റിയോയില്‍ നിന്ന് അഗര്‍ത്തലയില്‍ വിമാനമിറങ്ങിയതിന്റെ പിറ്റേദിവസവും ദിപയ്‌ക്ക് തിരക്കായിരുന്നു.പരീക്ഷത്തിരക്ക്. ത്രിപുര സര്‍വകലാശാലയുടെ എംഎ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് 23 കാരിയായ ദിപ. കഴിഞ്ഞ ദിവസം ആദ്യ പരീക്ഷ എഴുതി. പരീക്ഷയെഴുതാനെത്തിയ ദിപയ്‌ക്ക് സര്‍വകലാശാല വലിയ സ്വീകരണം ഒക്കെ ഏര്‍പ്പെടുത്തിയിരുന്നു.

തിങ്കളാഴ്ചയാണ് അടുത്ത പേപ്പര്‍. കായികതാരങ്ങള്‍ ബുദ്ധിയുള്ളവരുമാണ്, പരീക്ഷക്ക് തയ്യാറെടുക്കാന്‍ ഞങ്ങള്‍ക്ക് അധികം സമയമൊന്നും വേണ്ട. എനിക്കൊരു ദിവസം കിട്ടിയല്ലോ, പരീക്ഷ നന്നായി എഴുതാന്‍ നോക്കും. ദിപ കളിയായും കാര്യമായും പറയുന്നു. സ്‌പോര്‍ട്സ് അതിന്‍റെ വഴിക്ക് പഠിത്തം അതിന്‍റെ വഴിക്ക് എന്നാണ് തന്റെ മകളുടെ നയമെന്ന് ദിപയുടെ അമ്മ. ഒളിംപിക്‌സ് തലത്തില്‍ വരെ എത്തിനില്‍ക്കുമ്പോഴും പഠിത്തത്തിന്റെ പ്രാധാന്യം ഒട്ടും കുറയ്‌ക്കാതെ പഠനവും പരിശീലനവും ഒന്നിച്ചുകൊണ്ടുപോകുന്ന ദിപയെ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കണമെന്ന് ദിപയുടെ അധ്യാപകരും പറയുന്നു.

click me!