കോമൺവെല്‍ത്ത് ഗെയിംസ്: 200 മീറ്റര്‍ ഫൈനലില്‍ നാടകീയ രംഗങ്ങള്‍

By web deskFirst Published Apr 13, 2018, 6:21 AM IST
Highlights
  • ഒന്നാമത് ഓടിയെത്തിയ ബ്രിട്ടീഷ് താരത്തെ അധികൃതര്‍ അയോഗ്യനാക്കി.

ഗോള്‍ഡ് കോസ്റ്റ്: കോമൺവെല്‍ത്ത് ഗെയിംസിലെ 200 മീറ്റര്‍ ഫൈനലിന് നാടകീയ ക്ലൈമാക്സ്. ഒന്നാമത് ഓടിയെത്തിയ ബ്രിട്ടീഷ് താരത്തെ അധികൃതര്‍ അയോഗ്യനാക്കി. അഞ്ചാം ലെയിനില്‍ ഓടിയ ഇംഗ്ലീഷ് സ്പ്രിന്‍റര്‍ സാര്‍ണൽ ഹ്യൂസും , തൊട്ടടുത്ത് ഉണ്ടായിരുന്ന ട്രിനിഡാഡ് ആന്‍ഡ് ടുബേഗോ താരം ജെറീം റിച്ചാര്‍ഡ്സും ഫിനിഷ് ചെയ്തത് 20.12 സെക്കന്‍ഡിൽ.

ഫോട്ടോഫിനിഷിലൂടെ ഒന്നാമനായി പ്രഖ്യാപിക്കപ്പെട്ട ഹ്യൂസ് സ്റ്റേഡിയത്തിൽ ആഹ്ളാദ പ്രകടനവും തുടങ്ങി. അപ്പോഴാണ് സ്റ്റേ‍ഡിയത്തിലെ വലിയ സ്ക്രീനില്‍ റീപ്ലേയുടെ ദൃശ്യങ്ങള്‍ വന്നുതുടങ്ങിയത്. അവസാന 50 മീറ്ററില്‍ അതിവേഗം പാഞ്ഞ റിച്ചാര്‍ഡ്സിനെ ഹ്യൂസ് കൈ കൊണ്ട് തടയാന്‍ ശ്രമിക്കുന്നതായി സംശയം. കരിബീയന്‍ രാജ്യത്തിന്‍റെ അപ്പീലിനൊടുവില്‍ ഹ്യൂസ് അയോഗ്യനാക്കപ്പെട്ടു . 

ആരാധകര്‍ക്കൊപ്പം സെൽഫി എടുത്തുകൊണ്ടിരുന്ന  ഹ്യൂസ് പുതിയ പ്രഖ്യാപനത്തിൽ അമ്പരന്നു. ഇംഗ്ലീഷ് ടീം പ്രതിഷേധിച്ചെങ്കിലും ജറീം റിച്ചാര്‍ഡ്സിന് സ്വര്‍ണം നൽകാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

click me!