'സ്വവര്‍ഗാനുരാഗിയെന്ന പ്രഖ്യാപനം'; ദ്യുതി ചന്ദിന്‍റെ ജീവന്‍ അപകടത്തിലെന്ന് സഹോദരി

By Web TeamFirst Published May 20, 2019, 4:23 PM IST
Highlights

'ദ്യുതി പ്രായപൂര്‍ത്തിയായ ആളാണ്. അവര്‍ക്ക് പുരുഷനേയോ സ്ത്രീയേയോ പങ്കാളിയായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്നത്  പ്ലാന്‍ഡ് ആയിരുന്നു'. 

ദില്ലി: ഇന്ത്യന്‍ കായിക താരം ദ്യുതി ചന്ദിന്‍റെ ജീവനും സ്വത്തുക്കളും അപകടത്തിലാണെന്നും ഗവണ്‍മെന്‍റ്  ദ്യൂതിക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് സഹോദരിയും കായികതാരവുമായ സരസ്വതി ചന്ദ് രംഗത്ത്. കഴിഞ്ഞ ദിവസം താരം താന്‍ സ്വവര്‍ഗാനുരാഗിയാണെന്നും ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ദ്യുതി വെളിപ്പെടുത്തിയിരുന്നു. 

ഇതിന് പിന്നാലെയാണ് താരത്തെ  ഒരു പെണ്‍കുട്ടിയും അവരുടെ കുടുംബവും ചേര്‍ന്ന് കെണിയില്‍ പെടുത്തിയിരിക്കുകയാണെന്ന് വ്യക്തമാക്കി സഹോദരി രംഗത്തെത്തിയത്. 'പെണ്‍കുട്ടിയുടെ കുടുംബം ദ്യുതിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം ദ്യുതിയെടുത്ത വിവാഹ തീരുമാനം അവളുടെ സ്വന്തം ഇഷ്ടപ്രകാരമുള്ളതല്ല. സ്വത്തുക്കള്‍ തട്ടിയെടുക്കുവാനുള്ള ശ്രമമാണ് ഇതിന് പിന്നിലുള്ളത്. ദ്യുതി ഒരു ട്രാപ്പില്‍ പെട്ടിരിക്കുകയാണ്'. ദ്യുതിയെ ട്രാക്കില്‍ നിന്നും മാറ്റാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സരസ്വതി ആരോപിക്കുന്നു. 

'ദ്യുതി പ്രായ പൂര്‍ത്തിയായ ആളാണ്. അവര്‍ക്ക് പുരുഷനേയോ സ്ത്രീയേയോ പങ്കാളിയായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്നത്  പ്ലാന്‍ഡ് ആയിരുന്നു. ദ്യുതിയെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വിവാഹക്കാര്യം പറയിപ്പിക്കുകയായിരുന്നുവെന്നും സരസ്വതി ആരോപിക്കുന്നു. 

ഒരു അഭിമുഖത്തിനിടെയാണ് ജന്‍മനാടായ ഒഡിഷയിലെ ചാക്ക ഗോപാല്‍പൂരില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്ന് ദ്യുതി വെളിപ്പെടുത്തിയത്. 'ഞാനെന്‍റെ ആത്മസഖിയെ കണ്ടെത്തിക്കഴിഞ്ഞു. പങ്കാളിയെ തെരഞ്ഞെടുക്കാനും അതിനനുസരിച്ച് ജീവിക്കാനുമുള്ള അവകാശവും എല്ലാവര്‍ക്കുമുണ്ട്.

സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി എക്കാലത്തും നിലകൊള്ളുന്ന ആളാണ് താന്‍. ജീവിത പങ്കാളി ആരെന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഭാവിയില്‍ പങ്കാളിക്കൊപ്പം ജീവിക്കാനാണ് തീരുമാനമെന്നും ദ്യുതി വ്യക്തമാക്കിയിരുന്നു'. എന്നാല്‍ തന്‍റെ പങ്കാളിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അത്‌ലറ്റ് തയ്യാറായിരുന്നില്ല. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!