ഐപിഎല്ലിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായേക്കും

By Web TeamFirst Published Jan 9, 2019, 11:36 PM IST
Highlights

സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയിൽ മത്സരങ്ങൾ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വർഷത്തെ പത്ത് വേദികൾക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉൾപ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്.

തിരുവനന്തപുരം: ഈ സീസണലിലെ ഐപിഎൽ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാൻ സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരവും ഉണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ദക്ഷിണാഫ്രിക്കയിലോ യുഎഇയിലോ, അല്ലെങ്കിൽ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎൽ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്.

സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയിൽ മത്സരങ്ങൾ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വർഷത്തെ പത്ത് വേദികൾക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉൾപ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. ഐ പി എൽ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി പ്രാഥമിക ച‍ർച്ചകൾ നടത്തിയെന്ന് കാര്യവട്ടം സ്പോർട്സ് ഹബ് സി ഇ ഒ അജയ് പത്മനാഭൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏറ്റവും അടുത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് പുറമേ മറ്റ് ടീമുകളുടെ മത്സരവും ഗ്രീൻഫീൽഡിൽ നടക്കാൻ സാധ്യതയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യത പരിഗണിച്ച് ഹോം ഗ്രൗണ്ടിൽ ടീമുകൾക്ക് മൂന്ന് മത്സരങ്ങളേ കിട്ടൂ എന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്നൗ, കാൺപൂർ, റാഞ്ചി, കട്ടക്ക്, രാജ്കോട്ട്, ഗുവാഹത്തി, റായ്പൂർ, ഇൻഡോർ, ധർമ്മശാല, വിശാഖപട്ടണം എന്നീവേദികളാണ് ബിസിസിഐ പരിഗണിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമേ ഐ പി എൽ മത്സക്രമവും വേദികളും അന്തിമമായി നിശ്ചയിക്കൂ.

click me!