സ്ത്രീവിരുദ്ധ പരാമര്‍ശം; പാണ്ഡ്യയും രാഹുലും വിശദീകരണം നല്‍കി

By Web TeamFirst Published Jan 16, 2019, 10:27 AM IST
Highlights

ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും ബിസിസിഐക്ക് വിശദീകരണം നല്‍കി. ബിസിസിഐ സി ഇ ഒ രാഹുല്‍ ജോഹ്രി റിപ്പോര്‍ട്ട് ഇന്ന് ഇടക്കാല ഭരണസമിതിക്ക് കൈമാറിയേക്കും.

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് സസ്‌പെന്‍ഷന്‍ നേരിടുന്ന ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും ബിസിസിഐക്ക് വിശദീകരണം നല്‍കി. ഇരുവര്‍ക്കും നേരത്തെ ബിസിസിഐ നോട്ടീസ് നല്‍കിയിരുന്നു. താരങ്ങളുടെ മറുപടി ലഭിച്ച ശേഷം ബിസിസിഐ സി ഇ ഒ രാഹുല്‍ ജോഹ്രി ഫോണിലൂടെ ഇരുവരുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഇടക്കാല ഭരണസമിതിക്ക് രാഹുല്‍ ജോഹ്രി ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. 

താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഇടക്കാല ഭരണസമിതിയില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. പാണ്ഡ്യയെയും രാഹുലിനെയും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് ആവശ്യപ്പെട്ടത്. എന്നാല്‍ സമിതിയിലെ മറ്റൊരു അംഗമായ ഡയാന എഡുല്‍ഡി വിഷയം ബിസിസിഐ നിയമ സെല്ലിന് കൈമാറണം എന്ന നിലപാടാണെടുത്തത്. താരങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം ഓംബുഡ്‌സ്മാനെ നിയമിക്കാനായിരുന്നു നിയമസെല്‍ നല്‍കിയ ശുപാര്‍ശ. 

ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തിരുന്നു.

പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യം കെ എല്‍ രാഹുല്‍ തുറന്നുപറഞ്ഞു. രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് താരങ്ങളെ ബിസിസിഐ നാട്ടിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തിലും ഇവര്‍ക്ക് കളിക്കാനാവില്ല. 
 

click me!