ബൂംമ്ര ഇല്ലെന്ന് കരുതി ഓസ്‌ട്രേലിയ സമാധാനിക്കേണ്ട; പകരക്കാരന്‍ വരുന്നത് മുന്‍ താരത്തിന്‍റെ ശിക്ഷണത്തില്‍

By Web TeamFirst Published Jan 9, 2019, 5:00 PM IST
Highlights

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ബൂംമ്ര കളിക്കുന്നില്ല. പേസര്‍ മുഹമ്മദ് സിറാജാണ് ബൂംമ്രയുടെ പകരക്കാരന്‍. മുന്‍ താരത്തില്‍ നിന്ന് അടവുകള്‍ പഠിച്ചാണ് സിറാജ് ഓസ്‌ട്രേലിയയില്‍ എത്തുന്നത്.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക മാറ്റം പേസര്‍ ജസ്‌പ്രീത് ബൂംമ്ര കളിക്കുന്നില്ല എന്നതാണ്. ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന താരത്തിന് ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് വിശ്രമം അനുവദിക്കുകയായിരുന്നു. ഇതോടെ മുഹമ്മദ് സിറാജിന് ഏകദിന ടീമിലേക്ക് ആദ്യ ക്ഷണം കിട്ടി. 

ഓസ്‌ട്രേലിയന്‍ ഏകദിന അങ്കത്തിനായി തയ്യാറെടുക്കുകയാണ് സിറാജ്. ബൂംമ്രയുടെ അഭാവത്തില്‍ പേസ് ആക്രമണ ചുമതല ഏറ്റെടുക്കുന്നതായി സിറാജ് പറഞ്ഞു. ബൂംമ്ര ടെസ്റ്റില്‍ അവിസ്‌മരണീയ പ്രകടനമാണ് കാഴ്‌ചവെച്ചത്. ഇന്ത്യയുടെ സ്റ്റാര്‍ ബൗളറാണ് അദേഹം. അതിനാല്‍ ബൂംമ്രയ്ക്ക് പകരക്കാനായി താന്‍ എത്തുമ്പോള്‍ ഏവരും ആകാക്ഷയിലാണെന്നും പരമ്പരയില്‍ കളിക്കാന്‍ തയ്യാറെടുത്തതായും ടൈംസ് ഓഫ് ഇന്ത്യയോട് സിറാജ് പറഞ്ഞു. 

ഓസീസ് പര്യടനത്തിനുള്ള ടീമിലേക്ക് ക്ഷണം ലഭിച്ചശേഷം മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയുമായി സംസാരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കട്ട്- പുള്‍ ഷോട്ടുകള്‍ നന്നായി കളിക്കും. സ്റ്റംപിന് നേരെ ഫുള്‍ ലെങ്ത് പന്തുകള്‍ എറിയാനാണ് നെഹ്‌റ പറഞ്ഞത്. സ്വാഭാവിക ശൈലിയില്‍ പന്ത് എറിഞ്ഞാല്‍ മതിയെന്നാണ് അദേഹം തന്ന ഉപദേശമെന്നും സിറാജ് വ്യക്തമാക്കി. 

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്കു മുന്‍പ് ബൂംമ്രക്ക് മതിയായ വിശ്രമം അനുവദിക്കേണ്ടതിനാലാണ് ന്യൂസിലന്‍ഡിനും ഓസീസിനുമെതിരായ പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു ടെസ്റ്റുകളിലായി 157.1 ഓവര്‍ എറിഞ്ഞ ബൂംമ്ര 21 വിക്കറ്റെടുത്തിരുന്നു.

click me!