അവര്‍ മൂന്നുപേരും ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ചവര്‍; ഇന്ത്യന്‍ ടീമിനെ പ്രശംസകൊണ്ട് മൂടി ഓസീസ് പരിശീലകന്‍

By Web TeamFirst Published Jan 16, 2019, 12:33 PM IST
Highlights

ക്രീസില്‍ നില്‍ക്കുമ്പോള്‍ കോലിയുടെ ബാലന്‍സ് അതുല്യമാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ പ്രതിഭയുള്ള കളിക്കാരനാണ് കോലി. സച്ചിന്റേതിന് സമാനമായ പ്രകടനമാണ് കോലിയും പുറത്തെടുക്കുന്നത്.

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യ നേടിയ വിജയത്തെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും പ്രശംസകൊണ്ട് മൂടി ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. കോലിയെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് ഉപമിച്ച ലാംഗര്‍ ധോണിയും കോലിയും രോഹിത്തും ഏകദിന ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച താരങ്ങളാണെന്നും വ്യക്തമാക്കി.

ക്രീസില്‍ നില്‍ക്കുമ്പോള്‍ കോലിയുടെ ബാലന്‍സ് അതുല്യമാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ പ്രതിഭയുള്ള കളിക്കാരനാണ് കോലി. സച്ചിന്റേതിന് സമാനമായ പ്രകടനമാണ് കോലിയും പുറത്തെടുക്കുന്നത്. കോലിയില്‍ നിന്നും ധോണിയില്‍ നിന്നും ഓസീസ് യുവനിരയ്ക്ക് ഏറെ പഠിക്കാനുണ്ട്. അവരുടെ പ്രതിഭയെ ബഹുമാനിച്ചേ മതിയാവു.

മൂന്നൂറ് മത്സരങ്ങള്‍ കളിച്ചശേഷവും 50 ന് മുകളില്‍ ശരാശരി നിലനിര്‍ത്തുന്ന ധോണിയും കോലിയുമെല്ലാം ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ചവരുടെ കൂടത്തിലാണ്. ഇവരുടെ കളി നേരില്‍ക്കണ്ട് പഠിക്കാന്‍ അവസരം ലഭിക്കുന്നുവെന്നത് തന്നെ ഓസീസ് യുവനിരയുടെ ഭാഗ്യമാണ്.

ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്കെതിരെയുള്ള മത്സരങ്ങള്‍ ഓസീസ് യുവനിരയെ തുണയ്ക്കുമെന്നും ലാംഗര്‍ പറഞ്ഞു.

click me!