ധോണിയും സച്ചിനും ദാദയും തോറ്റിടത്ത് തല ഉയര്‍ത്തി കോലി

By Web TeamFirst Published Jan 15, 2019, 7:07 PM IST
Highlights

അഡ്‌ലെയഡിനെ സ്വന്തം ഹോം ഗ്രൗണ്ടാക്കിയ കോലി ഇതുവരെ ഇവിടെ മാത്രം നേടിയത് അഞ്ച് സെഞ്ചുറികളാണ്. ഓസ്ട്രേലിയയിലെ ഏതെങ്കിലും ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ സന്ദര്‍ശക ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി

അഡ്‌ലെയ്ഡ്: സെഞ്ചുറിയുമായി അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ വിരാട് കോലി സ്വന്തമാക്കിയത് തന്റെ മുന്‍ഗാമികളാരും സ്വന്തമാക്കാത്ത അപൂര്‍വ റെക്കോര്‍ഡ്. ഏകദിനത്തില്‍ ഓസ്ട്രേലിയയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് അഡ്‌ലെയ്ഡില്‍ കോലി സ്വന്തമാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുഹമ്മദ് അസ്ഹറുദ്ദീനും നേടിയ 93 റണ്‍സായിരുന്നു ഓസ്ട്രേലിയയില്‍ ഏകദിനത്തിലെ ഇന്ത്യന്‍ നായകന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍.

അഡ്‌ലെയഡിനെ സ്വന്തം ഹോം ഗ്രൗണ്ടാക്കിയ കോലി ഇതുവരെ ഇവിടെ മാത്രം നേടിയത് അഞ്ച് സെഞ്ചുറികളാണ്. ഓസ്ട്രേലിയയിലെ ഏതെങ്കിലും ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ സന്ദര്‍ശക ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി. മെല്‍ബണില്‍ അഞ്ച് സെഞ്ചുറി അടിച്ചിട്ടുള്ള ഇംഗ്ലണ്ടിന്റെ സര്‍ ജാക് ഹോബ്സാണ് കോലിയുടെ മുന്‍ഗാമി.

ക്യാപ്റ്റനെന്ന നിലയില്‍ ആറാമത്തെ വിദേശ രാജ്യത്താണ് കോലി സെഞ്ചുറി അടിക്കുന്നത്. സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും കോലി ഏകദിന സെഞ്ചുറി നേടിയിട്ടുണ്ട്. എതിരാളികളുടെ നാട്ടില്‍ മറ്റൊരു ക്യാപ്റ്റനും ഇതുവരെ നാലില്‍ കൂടുതല്‍ ഇടത്ത് സെഞ്ചുറി നേടിയിട്ടില്ല.

അഡ്‌ലെയ്ഡില്‍ സെഞ്ചുറി നേടിയതോടെ ഓസ്ട്രേലിയയിലെ കോലിയുടെ ആകെ സെഞ്ചുറി നേട്ടം ഒമ്പതായി. ഇംഗ്ലണ്ടിന്റെ ജാക് ഹോബ്സ് മാത്രമാണ് ഓസ്ട്രേലിയയില്‍ ഒമ്പത് സെഞ്ചുറി അടിച്ചുള്ള മറ്റൊരു താരം.

ഏഷ്യക്ക് പുറത്ത് ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ പത്താം സെഞ്ചുറിയാണിന്ന് അടിച്ചെടുത്തത്. ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ കോലി ഇന്ന് മറികടന്നു. വിദേശത്ത് 12 സെഞ്ചുറികള്‍ നേടിയിട്ടുള്ള റിക്കി പോണ്ടിംഗാണ് ഇനി കോലിയുടെ മുന്നിലുള്ളത്.

ഇന്ത്യക്ക് പുറത്ത് ക്യാപ്റ്റനെന്ന നിലയില്‍ കോലി നേടുന്ന ഇരുപതാമത്തെ സെഞ്ചുറിയാണ് ഇന്ന് അഡ്‌ലെയ്ഡില്‍ അടിച്ചെടുത്തത്. റിക്കി പോണ്ടിംഗും ഗ്രെയിം സ്മിത്തുമാണ് ഈ നേട്ടത്തില്‍ കോലിക്ക് ഒപ്പമുള്ളത്.

click me!