ഉമേഷ് യാദവ് മിന്നി; കിംഗ്സ് ഇലവന്‍ പഞ്ചാബ് 155ന് പുറത്ത്

By Web DeskFirst Published Apr 13, 2018, 9:25 PM IST
Highlights
  • കിംഗ്സ് ഇലവന്‍ 19.2 ഓവറില്‍ 155 റണ്‍സിന് ഓള്‍ഔട്ടായി

ബെംഗളൂരു: കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 156 റണ്‍സ് വിജയലക്ഷ്യം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍ 19.2 ഓവറില്‍ 155 റണ്‍സിന് ഓള്‍ഔട്ടായി. മുന്‍നിരയെ എറിഞ്ഞുവീഴ്ത്തിയ പേസര്‍ ഉമേഷ് യാദവാണ് പഞ്ചാബിനെ തകര്‍ത്തത്. പഞ്ചാബ് നിരയില്‍ 47 റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍ രാഹുലാണ് ടോപ് സ്കോറര്‍. 

ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവ് ഞെട്ടിച്ചപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തുടക്കം പാളി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അതിവേഗം റണ്ണുയര്‍ത്തിയാണ് തുടങ്ങിയത്. എന്നാല്‍ നാലാം ഓവര്‍ എറിഞ്ഞ ഉമേഷ് യാദവ് നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പഞ്ചാബിന്‍റെ തല ചിതറി. 

ആദ്യ പന്തില്‍ 15 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ വിക്കറ്റ് കീപ്പര്‍ ഡികോക്കിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്ത്. രണ്ടാം പന്തില്‍ ആരോണ്‍ ഫിഞ്ച് ഗോള്‍ഡണ്‍ ഡക്കായി മടങ്ങി. മൂന്നും നാലും പന്തുകള്‍ പ്രതിരോധിച്ച യുവി അഞ്ചാം പന്തില്‍ ബൗണ്ടറി കണ്ടെത്തി. എന്നാല്‍ അവസാന പന്തില്‍ ലോകോത്തര വിക്കറ്റോടെ യുവിയെ(4) പറഞ്ഞയച്ച് യാദവ് അമ്പരപ്പിക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് മൂന്നിന് 36 എന്ന നിലയില്‍ പരുങ്ങി.

നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെ.എല്‍ രാഹുലും കരുണ്‍ നായരും കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കിംഗ്സ് ഇലവനെ കരകയറ്റി. എന്നാല്‍ അര്‍ദ്ധ സെഞ്ചുറിയിലേക്ക് കുതിച്ച രാഹുലിനെ ഇതിനിടയ്ക്ക് നഷ്ടപ്പെട്ടത് തിരിച്ചടിയായി. 30 പന്തില്‍ 47 റണ്‍സെടുത്ത രാഹുലിനെ പന്ത്രണ്ടാം ഓവറില്‍ സ്‌പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പറഞ്ഞയച്ചു. കുല്‍വന്ത് എറിഞ്ഞ 13-ാം ഓവറിലെ അവസാന പന്തില്‍ കരുണ്‍ നായരും തെറിച്ചതോടെ പഞ്ചാബ് വീണ്ടും തകര്‍ന്നു. സ്‌കോര്‍ 102-5. 

തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍ സുന്ദറിനെ സിക്സടിച്ച സ്റ്റോയ്ണിസാവട്ടെ അടുത്ത പന്തും അതിര്‍ത്തികടത്താന്‍ ശ്രമിച്ചപ്പോള്‍ വീണു. 11 റണ്‍സെടുത്ത താരത്തെ ഡികോക്ക് സ്റ്റംപ് ചെയ്യുകയായിരുന്നു. പിന്നാലെ അക്ഷര്‍ പട്ടേലും(2) മടങ്ങിയതോടെ പഞ്ചാബിന്‍റെ പ്രതീക്ഷ നായകന്‍ അശ്വിനില്‍ മാത്രമായി. ഇടയ്ക്ക് ബൗണ്ടറികളുമായി അശ്വിന്‍ കളംനിറഞ്ഞു. പതിനെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഏഴ് റണ്‍സുമായി ടൈയും പുറത്തായതോടെ കിംഗ്സ് ഇലവന്‍ 18 ഓവറില്‍ എട്ട് വിക്കറ്റിന് 143. 

കൂറ്റനടികള്‍ക്ക് ശ്രമിക്കുക മാത്രമേ പിന്നീട് അശ്വിന് മുന്നിലുണ്ടായിരുന്ന വഴി. റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ അശ്വിനെ ചഹല്‍ മടക്കിയതോടെ പഞ്ചാബ് പതനം പൂര്‍ത്തിയായി. 12 പന്തില്‍ 33 റണ്‍സാണ് അശ്വിന്‍ എടുത്തത്. എന്നാല്‍ ഭേദപ്പെട്ട സ്കോറിലെത്താന്‍ ടീമിനായി. ബെംഗളൂരുവിനായി ഉമേഷ് മൂന്നും കുല്‍വന്തും സുന്ദറും വോക്‌സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ചഹല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

click me!