കോട്ണി വാല്‍ഷിന്റെ റെക്കോര്‍ഡ് എറിഞ്ഞിട്ട് ജെയിംസ് ആന്‍ഡേഴ്സണ്‍

By Web DeskFirst Published Apr 3, 2018, 7:24 PM IST
Highlights
  • ടെസ്റ്റില്‍ കൂടുതല്‍ പന്തെറിഞ്ഞ പേസ് ബൗളര്‍ എന്ന നേട്ടം ആന്‍ഡേഴ്‌സണ്

ക്രൈ‌സ്റ്റ് ചര്‍ച്ച്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിനകം ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ താരമാണ് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇംഗ്ലീഷ് താരവും ലോകത്തെ അഞ്ചാമത്തെ ബൗളറുമാണ് ഈ 35കാരന്‍. ഇതിഹാസ താരങ്ങളായ മുരളീധരന്‍, വോണ്‍, കുംബ്ലെ, മഗ്രാത്ത് എന്നിവരാണ് ആന്‍ഡേഴ്സണ് മുന്നിലുള്ളത്. ടെസ്റ്റില്‍ 136 മത്സരങ്ങളില്‍ 531 വിക്കറ്റുകള്‍ ആന്‍ഡേഴ്സണ്‍ ഇതിനകം പിഴുതിട്ടുണ്ട്.  

റെക്കോര്‍ഡുകള്‍ കടപുഴക്കി മുന്നേറുന്ന ആരാധകരുടെ ജിമ്മി ന്യൂസീലാന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റില്‍ കൂടുതല്‍ പന്തെറിഞ്ഞ പേസ് ബൗളര്‍ എന്ന നേട്ടമാണ് ആന്‍ഡേഴ്‌സണ്‍ എറിഞ്ഞിട്ടത്. 2001ല്‍ വിരമിച്ച വിന്‍ഡീസ് ഇതിഹാസം കോട്ണി വാല്‍ഷിന്റെ പേരിലുളള റെക്കോര്‍ഡാണ്(30019) ആന്‍ഡേഴ്‌സണ്‍ മറികടന്നത്. ടെസ്റ്റില്‍ 253 ഇന്നിങ്സുകളില്‍ ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ പന്തുകളുടെ എണ്ണം 30074 ആയി.

ഇതോടെ ഏറ്റവും പന്തുകള്‍ എറിഞ്ഞ ബൗളര്‍മാരില്‍ നാലാം സ്ഥാനത്തെത്താനും ആന്‍ഡേഴ്‌സണായി‍. ഇതിഹാസ സ്പിന്നര്‍മാരായ മുരളീധരന്‍, വോണ്‍, കുംബ്ലെ എന്നിവരാണ് ആന്‍ഡേഴ്‌സണ് മുന്നിലുളളത്. 33 വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളറെന്ന നേട്ടവും ജിമ്മിക്ക് സ്വന്തമാകും. ആന്‍ഡേഴ്സണ്‍ ചരിത്രം സൃഷ്ടിച്ച മത്സരത്തില്‍ ന്യൂസീലാന്‍ഡിനോട് സമനില വഴങ്ങാനായിരുന്നു ഇംഗ്ലണ്ടിന്‍റെ വിധി. 

click me!