ഇംഗ്ലീഷ് വീര്യം കെടുത്തിയ ഇരട്ട സെഞ്ചുറി; ബ്രാഡ്‌മാന്‍റെ റെക്കോര്‍ഡിനൊപ്പം ഹോള്‍ഡര്‍

By Web TeamFirst Published Jan 27, 2019, 8:13 PM IST
Highlights

രണ്ടാം ഇന്നിംഗ്‌സില്‍ 229 പന്തില്‍ 202 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ഇതോടെ സാക്ഷാല്‍ സര്‍ ഡോണ്‍ ബ്രാഡ്‌മാന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി വിന്‍ഡീസ് നായകന്‍.

ബാര്‍ബഡോസ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നായകന്‍ ജേസണ്‍ ഹോള്‍ഡറുടെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയിലാണ് വിന്‍ഡീസ് 381 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഹോള്‍ഡര്‍ പുറത്താകാതെ 229 പന്തില്‍ 202 റണ്‍സ് നേടി. ഇതോടെ സാക്ഷാല്‍ സര്‍ ഡോണ്‍ ബ്രാഡ്‌മാന്‍റെ റെക്കോര്‍ഡിനൊപ്പം വിന്‍ഡീസ് നായകന്‍ ഇടംപിടിച്ചു. 

ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ആറാമതോ അതിന് താഴെയോ ബാറ്റിംഗിനിറങ്ങി ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാം താരമാണ് ഹോള്‍ഡര്‍. ഇംഗ്ലണ്ടിനെതിരെ എംസിജിയില്‍ 1937ല്‍ ബ്രാഡ്‌മാന്‍ 237 റണ്‍സ് നേടിയിട്ടുണ്ട്. 

വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 120/6 എന്ന നിലയില്‍ തകര്‍ന്നുനില്‍ക്കുമ്പോഴായിരുന്നു ഹോള്‍ഡര്‍ ക്രീസിലെത്തിയത്. ഏഴാം വിക്കറ്റില്‍ ഷെയ്ന്‍ ഡൗറിച്ചുമായി 295 റണ്‍സ് കൂട്ടിച്ചേര്‍ത്തു ഹോള്‍ഡര്‍. ഹോള്‍ഡര്‍ പുറത്താകാതെ നിന്നപ്പോള്‍ വിന്‍ഡീസ് 416ന് ആറ് എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. എന്നാല്‍ വിന്‍ഡീസ് ഉയര്‍ത്തിയ 628 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. 

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ വിജയം എളുപ്പമാക്കിയത്. 21.4 ഓവര്‍ എറിഞ്ഞ ചേസ് 60 റണ്‍ വിട്ടുനല്‍കിയാണ് എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. 84 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് മാന്‍ ഓഫ് ദ മാച്ച്. 

click me!