കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ

By Web DeskFirst Published Dec 14, 2016, 4:38 PM IST
Highlights

ദില്ലി: ഡൽഹി ഡൈനമോസിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ. അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തിൽ 3–0 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സ് ഡൽഹിയെ മറികടന്നത്. അത്ലറ്റിക്കോ ഡി കോൽക്കത്തയാണ് ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 

ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ കിക്കെടുത്ത ഹൊസു പന്ത് ലക്ഷ്യത്തിലെത്തിച്ചു. അതേസമയം, മലൂദയുടെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ കിക്ക് അന്റോണിയോ ജർമൻ പാഴാക്കി. പെലിസാരിയുടെ ഷോട്ടും ബാറിനു മുകളിലൂടെ പറന്നതോടെ ബ്ലാസ്റ്റേഴ്സിനു പ്രതീക്ഷയേറി. 

ബ്ലാസ്റ്റേഴ്സിനായി മൂന്നാം കിക്കെടുത്ത ബെൽഫോർട്ട് പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഡൽഹിയുടെ മൂന്നാം ഷോട്ട് ഗോൾകീപ്പർ സന്ദീപ് നന്ദിയുടെ കൈയിലേക്ക് അടിച്ചുകൊടുത്തപ്പോൾ നാലാം ഷോട്ട് ലക്ഷ്യത്തിലെത്തിച്ച് റഫീഖ് ബ്ലാസ്റ്റേഴ്സിന്‍റെ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. 

നിശ്ചിത സമയത്തും അധികസമയത്തും 2–1 എന്ന നിലയിലാണ് കളി അവസാനിച്ചത്. ഈ സമയം ഡൽഹി മുന്നിട്ടുനിന്നെങ്കിലും കൊച്ചിയിൽ നടന്ന ആദ്യപാദ വിജയത്തിന്‍റെ ബലത്തിൽ ബ്ലാസ്റ്റേഴ്സ് 2–2 എന്ന അഗ്രഗേറ്റ് സ്കോറിൽ സമനില പിടിക്കുകയായിരുന്നു. മത്സരത്തിന്‍റെ ആദ്യ പകുതിയിൽതന്നെ മിലൻ സിംഗ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് ഡൽഹി മത്സരം പൂർത്തിയാക്കിയതെങ്കിലും ഇതിന്റെ ആനുകൂല്യം മുതലാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും ഒരു ചുവപ്പുകാർഡും പിറന്നത്. 

ഇരുടീമുകളുടെയും മുന്നേറ്റം മാറിമാറി നടന്ന മത്സരത്തിൽ 21–മത്തെ മിനുട്ടിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഡൈനാമോസ് ആദ്യ ഗോൾ നേടി. ബ്രസീലിന്റെ മാഴ്സലീന്യോയാണ് കേരള പ്രതിരോധത്തെയും ഗോളി നന്ദിയെയും അമ്പരപ്പിച്ച് പന്ത് വലയിലെത്തിച്ചത്. ഡൈനാമോസിന്‍റെ ആഹ്ലാദത്തിന് മൂന്ന് മിനുട്ടിന്‍റെ ആയുസേയുണ്ടായുള്ളൂ. 
ഡെക്കൻ ഹെസൻ പെനാൽട്ടി ബോസ്കിൽ മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ച് ഡൽഹിയുടെ ഹൃദയം തകർത്ത സമനില ഗോൾ നേടി. 

എന്നാൽ ആദ്യ പകുതിയുടെ ഇൻജുറിടൈം അവസാനിക്കാനിരിക്കെ കേരളത്തിന്റെ ഇടനെഞ്ച് തകർത്ത് റോച്ച ഡൽഹി രണ്ടാം ഗോൾ നേടി. ഒട്ടും അപകരമല്ലാത്ത ദൂരത്തുനിന്നുള്ള ഒരു ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സിന്‍റെ മൂന്ന് പ്രതിരോധ ഭടന്മാരുടെ ഇടയിൽ നിന്ന റോച്ചയുടെ തലയിൽ വീണ് വല കുലുക്കുകയായിരുന്നു.

click me!