ദേശീയെ ഗെയിംസ് താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് ടി.പി.ദാസന്‍

By Web DeskFirst Published Dec 8, 2016, 1:35 AM IST
Highlights

കൊല്ലം: ദേശീയ ഗെയിസില്‍  സ്വര്‍ണ്ണ മെഡല്‍ നേടിയ കേരളത്തിലെ കായിക താരങ്ങള്‍ക്ക് ഒരു മാസത്തിനകം ജോലിയില്‍ പ്രവേശിക്കാമെന്ന് സ്‌പോര്‍ട്സ് കൗണ്‍സില്‍  പ്രസിഡന്റ് ടി പി ദാസന്‍. കൃത്യമായി ഒഴിവുകള്‍  റിപ്പോര്‍ട്ട് ചെയ്യാത്തത് ആണ് പ്രശ്നമായതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കായിക താരങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുന്നുവെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദേശീയ ഗെയിസില്‍ തുഴച്ചിലില്‍ സ്വര്‍ണ്ണം നേടിയ താരാ കുര്യനെപ്പോലെ 68 കായികതാരങ്ങളാണ് ഒരു ജോലിക്കായി കാത്തിരിക്കുന്നത്. ചിലര്‍ കാത്തിരുന്ന് മടുത്ത് കേരളം വിട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി 16 ന് ദേശീയ ഗെയിസില്‍ സ്വര്‍ണ്ണം നേടിയ കായിക താരങ്ങളെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി.പക്ഷേ എവിടെ, എപ്പോള്‍ എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല. ജോലി ലഭിച്ചില്ലെന്ന തുഴച്ചില്‍ താരങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റിന്റെ പ്രതികരണം.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ചില വകുപ്പുകള്‍ അനാസ്ഥ കാട്ടിയതാണ് നിമയനം നീണ്ടുപോകാന്‍ കാരണം. ചില കായിക താരങ്ങളുടെ യോഗ്യതയ്‌ക്കനുസരിച്ചുള്ള ഒഴിവുകള്‍ വരേണ്ടതുണ്ട്.സാങ്കേതികമായ പ്രശ്നമാണ് ഇപ്പോഴുള്ളതെന്നും ടി പി ദാസന്‍ പറയുന്നു.പുതിയ വര്‍ഷത്തില്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കായികതാരങ്ങള്‍.

 

click me!