അവസാന ഓവറുകളില്‍ ധോണി- ജാദവ് അടിപൂരം; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

By Web TeamFirst Published Jan 26, 2019, 11:07 AM IST
Highlights

ന്യൂസീലന്‍ഡിന് 325 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. രോഹിതിന്‍റെയും ധവാന്‍റെയും സ്വപ്‌ന തുടക്കവും അവസാന ഓവറുകളിലെ റായുഡു- ധോണി- ജാദവ് ഷോയുമാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. 

ബേ ഓവല്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 325 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. രോഹിതിന്‍റെയും ധവാന്‍റെയും സ്വപ്‌ന തുടക്കവും അവസാന ഓവറുകളിലെ റായുഡു- ധോണി- ജാദവ് ഷോയുമാണ് ഇന്ത്യയെ 50 ഓവറില്‍ 324-4 എന്ന വമ്പന്‍ സ്‌കോറിലെത്തിച്ചത്. രോഹിത് ശര്‍മ്മയാണ്(87) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കിവികള്‍ക്കായി ബോള്‍ട്ടും ഫെര്‍ഗൂസനു രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്താന്‍ 154 റണ്‍സ് വരെ കിവികള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. ബാറ്റേന്തിയവരെല്ലാം മികച്ച സ്‌കോര്‍ കണ്ടെത്തി. കരുതലോടെ തുടങ്ങി കിവി ബൗളര്‍മാരെ അടിച്ചുപറത്തുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ധവാന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ബോള്‍ട്ടിന്‍റെ 26-ാം ഓവറിലെ രണ്ടാം പന്തില്‍ ധവാന്‍(66) ലഥാമിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 

സെഞ്ചുറിയിലേക്ക് നീങ്ങവെ രോഹിതിനെ 87ല്‍ നില്‍ക്കേ ഫെര്‍ഗുസന്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 172. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഹിറ്റ്‌മാന്‍ ഷോ. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കോലിയും റായുഡുവും ഇന്ത്യയെ മുന്നോട്ടുനയിച്ചു. എന്നാല്‍ 40-ാം ഓവറിലെ ആദ്യ പന്തില്‍ ബോള്‍ട്ടിന്‍റെ ബൗണ്‍സറില്‍ കോലി വീണു. സോധിയുടെ കൈകളില്‍ 43 റണ്‍സുമായി കോലിയുടെ ഇന്നിംഗ്സ് അവസാനിച്ചു. സ്‌കോര്‍ മൂന്നിന് 236.

എന്നാല്‍ ധോണിയെ കൂട്ടുപിടിച്ച് റായുഡു അടിതുടങ്ങിയപ്പോള്‍ ഇന്ത്യ വീണ്ടും കൂറ്റന്‍ സ്‌കോര്‍ മുന്നില്‍കണ്ടു. ഇരുവരുടെയും ഇന്നിംഗ്‌സ് ഇന്ത്യയെ അവസാന ഓവറുകള്‍ വരെ നയിക്കുമെന്ന് തോന്നിച്ചെങ്കിലും ഫെര്‍ഗൂസന്‍ വില്ലനായി. ധോണി തളരാതെ കളിച്ചപ്പോള്‍ 46-ാം ഓവറില്‍ റായുഡു(47) റിട്ടേണ്‍ ക്യാച്ചില്‍ പുറത്ത്. അവസാന നാല് ഓവറുകളില്‍ 48 റണ്‍സ് ഇന്ത്യ അക്കൗണ്ടിലാക്കി. ധോണി 33 പന്തില്‍ 48 റണ്‍സും ജാദവ് 10 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. 

click me!