ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനം; കോലിപ്പടയ്ക്ക് സന്തോഷവാര്‍ത്ത

By Web TeamFirst Published Jan 21, 2019, 5:05 PM IST
Highlights

ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുന്ന ടീമിന് മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കും. ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മില്‍ അടുത്തിടെ നടന്ന ഏകദിന പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും 300ന് മുകളില്‍ സ്കോര്‍ പിറന്നിരുന്നു.

നേപ്പിയര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി നേപ്പിയറിലെ മക്‌ലീന്‍ പാര്‍ക്കില്‍ തയാറാക്കിയിരിക്കുന്നത് റണ്ണൊഴുകും പിച്ച്. നേപ്പിയറില്‍ അടുത്തിടെ സൂപ്പര്‍ സ്മാഷ് പോരാട്ടത്തില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ടും കാന്റന്‍ബറിയും തമ്മില്‍ ട്വന്റി-20 പോരാട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വലിയ സ്കോര്‍ പിറന്നിരുന്നു,  ആദ്യം ബാറ്റ് ചെയ്ത സെന്‍ട്രല്‍ ഡിസ്ട്രിക്ട് 20 ഓവറില്‍ അടിച്ചെടുത്തത് 225 റണ്‍സായിരുന്നു.

മറുപടി ബാറ്റിംഗില്‍ കാന്റന്‍ബറിക്കായി ടോം ലഥാം 60 പന്തില്‍ 110 റണ്‍സടിച്ചെങ്കിലും മത്സരം തോറ്റു. ഇതേ സ്വഭാവമുള്ള പിച്ച് തന്നെയാണ് ഇന്ത്യക്കെതിരായ ഏകദിനത്തിനും തയാറാക്കിയിരിക്കുന്നത്. ബാറ്റിംഗ് വിക്കറ്റാണെങ്കിലും ബൗളര്‍മാര്‍ക്കും ഇന്നിംഗ്സിന്റെ തുടക്കത്തില്‍  ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന. ആദ്യ 10 ഓവറിലെ ബൗളര്‍മാര്‍ക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കൂ.

അതുകൊണ്ടുതന്നെ ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുന്ന ടീമിന് മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കും. ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മില്‍ അടുത്തിടെ നടന്ന ഏകദിന പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും 300ന് മുകളില്‍ സ്കോര്‍ പിറന്നിരുന്നു.

2012ല്‍ ന്യൂസിലന്‍ഡ് സിംബാബ്‌വെക്കതിരെ നേടിയ 373 റണ്‍സാണ് മക്‌ലീന്‍ പാര്‍ക്കിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന്റെ ഉയര്‍ന്ന സ്കോര്‍ ആകട്ടെ 292 റണ്‍സാണ്. 2014ലെ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്നു ഇത്. 268 റണ്‍സാണ് നേപ്പിയറിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. 1998ല്‍ സിംബാബ്‌വെക്കെതിരെ ന്യൂസിലന്‍ഡ് നേടിയ 211 റണ്‍സാണ് ഏറ്റവും ചെറിയ സ്കോര്‍.

click me!