സിംബാബ്‌വെയെ തകര്‍ത്ത് തരിപ്പണമാക്കി പാക്കിസ്ഥാന്‍

By Web deskFirst Published Jul 20, 2018, 11:13 PM IST
Highlights
  • സിംബാബ്‌വെയെ നാലാം ഏകദിനത്തിലും പാക്കിസ്ഥാന്‍ ചുരുട്ടിക്കെട്ടി

ബുലവായോ: പാക്കിസ്ഥാന്‍ കെട്ടിപ്പൊക്കിയ വന്‍ വിജയ ലക്ഷ്യത്തിന് മുന്നില്‍ ഒന്ന് പൊരുതുക പോലും ചെയ്യാതെ സിംബാബ്‌വെ തോല്‍വി സമ്മതിച്ചു. നാലാം ഏകദിനത്തില്‍ 244 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് ആതിഥേയര്‍ ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ സിംബാബ്‌വെയുടെ ബൗളിംഗ് നിരയെ അടിച്ചൊതുക്കിയ പ്രകടനമാണ് പുറത്തെടുത്തത്.

ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖും ഫക്തര്‍ സമനും ബൗണ്ടറികള്‍ കൊണ്ട് പെരുമഴ തീര്‍ത്തപ്പോള്‍ ആദ്യ വിക്കറ്റ് ലഭിക്കാന്‍ സിംബാബ്‌വെയ്ക്ക് കളിയുടെ 41-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും പാക്കിസ്ഥാന്‍റെ സ്കോര്‍ 304 റണ്‍സില്‍ എത്തിയിരുന്നു. ഏകദിനത്തിലെ റെക്കോര്‍ഡ് കൂട്ടുക്കെട്ട് ഫക്തറുമായി ചേര്‍ത്തതിന് ശേഷമാണ് 122 പന്തില്‍ 113 റണ്‍സ് സ്വന്തമാക്കിയ ഇമാം പുറത്തായത്.

ഇതിന് ശേഷവും ആക്രമണം നിര്‍ത്താന്‍ ഫക്തര്‍ തയാറായില്ല. ഒടുവില്‍ പാക്കിസ്ഥാന് വേണ്ടി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന താരമായി മാറിയ ഫക്തര്‍ പുറത്താകാതെ 210 റണ്‍സാണ് പേരിലെഴുതി ചേര്‍ത്തത്. 24 ഫോറുകളും അഞ്ചു സിക്സറുകളും അടങ്ങുന്നതായിരുന്നു ഫക്തറിന്‍റെ ക്ലാസ് ഇന്നിംഗ്സ്. ഇമാമിന് പകരം എത്തിയ ആസിഫ് അലി 22 പന്തില്‍ 50 റണ്‍സോടെ മികച്ച പിന്തുണയും നല്‍കി.

ബാറ്റ് എടുത്തവരെല്ലാം നിറഞ്ഞാടിയപ്പോള്‍ നിശ്ചിത ഓവറില്‍ പാക്കിസ്ഥാന്‍ സ്വന്തമാക്കിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ്. കൂറ്റന്‍ വിജയലക്ഷ്യം സിംബാബ്‌വെ മറികടക്കില്ലെന്നുള്ളത് വ്യക്തമായിരുന്നെങ്കിലും കളി എവിടെ വരെ പോകുമെന്ന കാര്യത്തിലായിരുന്നു ആകാംക്ഷ. അമ്പത് ഓവറെങ്കിലും കളിക്കാന്‍ ട്രിപ്പാനോയും ചിഗുംബരയും ശ്രമിച്ച് നോക്കിയെങ്കിലും 42.4 ഓവറില്‍ 155 റണ്‍സെടുക്കുമ്പോള്‍ സിംബാബ്‌വെ ബാറ്റ്സ്മാന്‍മാരെല്ലാം കൂടാരം കയറി.

44 റണ്‍സെടുത്ത  ട്രിപ്പാനോയും 37 റണ്‍സെടുത്ത ചിഗുംബരയുമാണ് ആഫ്രിക്കന്‍ ടീമിന് വേണ്ടി അല്‍പമെങ്കിലും പോരാടിയത്. പാക്കിസ്ഥാന് വേണ്ടി ശദബ് ഖാന്‍ നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. പരമ്പരയിലെ ആദ്യ നാലു കളികളും ഇതോടെ പാക്കിസ്ഥാന്‍ വിജയം കണ്ടിരിക്കുകയാണ്. അവസാന മത്സരം 22ന് നടക്കും. 

click me!