താരങ്ങളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് സന്തോഷകരം; സ്വാഗതം ചെയ്ത് ദ്രാവിഡ്

By Web TeamFirst Published Jan 26, 2019, 10:20 AM IST
Highlights

ബിസിസിഐ തീരുമാനം സന്തോഷകരമെന്ന് രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ താരങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഇതിഹാസ താരം.

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ എല്‍ രാഹുലിനെയും ഹാര്‍ദിക് പണ്ഡ്യയെയും കളിക്കളത്തിലേക്ക്
തിരിച്ചുവരാന്‍ അനുവദിച്ച ബിസിസിഐ തീരുമാനം സന്തോഷകരമെന്ന് ഇന്ത്യ എ ടീം കോച്ചും ഇതിഹാസതാരവുമായ രാഹുല്‍ ദ്രാവിഡ്. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് താരങ്ങളെ നേരത്തെ വിലക്കിയത്. 

ഇരുവരും തെറ്റു ഏറ്റുപറഞ്ഞ സ്ഥിതിക്ക് വിവാദം അവസാനിക്കുമെന്നാണ് പ്രതീക്ഷ. കളിക്കാര്‍ക്ക് തെറ്റുപറ്റുന്നത് ആദ്യമായല്ലെന്ന് പറഞ്ഞ ദ്രാവിഡ് ഇന്ത്യന്‍ താരങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും അഭിപ്രായപ്പെട്ടു. ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ എ ടീമിനായി നാളെ കാര്യവട്ടത്ത് കെ എല്‍ രാഹുല്‍ കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യ എ ടീം. 

ഇതേസമയം സസ്‌പെന്‍ഷന്‍ മാറിയ ഹര്‍ദിക് പാണ്ഡ്യയോട് ന്യൂസീലന്‍ഡിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാണ് നിര്‍ദേശം. പാണ്ഡ്യക്കും രാഹുലിനുമെതിരായ അന്വേഷണം വൈകുന്നതിനാല്‍ വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐയോട് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി പി എസ് നരസിംഹ നിര്‍ദേശിക്കുകയായിരുന്നു. വിവാദങ്ങളില്‍ താരങ്ങളെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

click me!