രഞ്ജി ട്രോഫി: കണക്കുതീര്‍ക്കാന്‍ കേരളത്തിന് അവസരം; സെമിയില്‍ എതിരാളി വിദര്‍ഭ

By Web TeamFirst Published Jan 19, 2019, 12:15 PM IST
Highlights

സെമിയില്‍ കേരളത്തിന്‍റെ എതിരാളി വിദര്‍ഭ.  ക്വാർട്ടർ ഫൈനലിൽ ഉത്തരാഖണ്ഡിനെ തകർത്താണ് വിദർഭ സെമി ഉറപ്പിച്ചത്. സെമി ഫൈനല്‍ വയനാട് കൃഷ്‌ണഗിരി സ്റ്റേഡിയത്തില്‍ 24 മുതല്‍.

രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന്‍റെ എതിരാളികൾ വിദർഭ തന്നെയെന്ന് ഉറപ്പായി. ക്വാർട്ടർ ഫൈനലിൽ ഉത്തരാഖണ്ഡിനെ തകർത്താണ് വിദർഭയുടെ മുന്നേറ്റം. വിദർഭ ഇന്നിംഗ്സിനും 115 റൺസിനും ഉത്തരാഖണ്ഡിനെ തോൽപിച്ചു. വസീം ജാഫറിന്‍റെ ഇരട്ടസെഞ്ച്വറിയുടെ കരുത്തിലാണ് വിദർഭയുടെ ജയം. 

ഫായിസ് ഫസൽ നയിക്കുന്ന വിദർഭയിൽ രജ്നീഷ് ഗൂർബാനി, ഉമേഷ് യാദവ് തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്. ഈമാസം 24 മുതൽ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് സെമിഫൈനൽ. മുൻ ചാമ്പ്യൻമാരായ ഗുജറാത്തിനെ തോൽപിച്ചാണ് കേരളം ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനലിന് യോഗ്യത നേടിയത്. സ്കോര്‍ കേരളം 185/9, 162, ഗുജറാത്ത് 171,81.

കഴിഞ്ഞ സീസണിലെ കണക്കുതീര്‍ക്കാനാണ് കേരളം ഇറങ്ങുക. ആദ്യമായി രഞ്ജി ക്വാര്‍ട്ടറിലെത്തി കഴിഞ്ഞ സീസണില്‍ ചരിത്രം കുറിച്ച കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത് വിദര്‍ഭയായിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിന് പുറത്തായെങ്കിലും കേരളത്തെ 176 റണ്‍സിന് പുറത്താക്കി നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തടിച്ച വിദര്‍ഭ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 507 റണ്‍സടിച്ച് ഡിക്ലയര്‍ ചെയ്തപ്പോള്‍ ഹിമാലയന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കേരളം 165 റണ്‍സിന് പുറത്തായി.

click me!