രഞ്ജി: ഉമേഷ് യാദവിന് ഏഴ് വിക്കറ്റ്; കേരളം 106ന് പുറത്ത്

By Web TeamFirst Published Jan 24, 2019, 12:23 PM IST
Highlights

ഏഴ് വിക്കറ്റ് പ്രകടനവുമായി ഇന്ത്യന്‍ താരം ഉമേഷ് യാദവ് നിറഞ്ഞാടിയപ്പോള്‍ വിദര്‍ഭയ്‌ക്കെതിരെ രഞ്ജി ട്രോഫി സെമിയുടെ ഒന്നാം ഇന്നിങ്‌സില്‍ കേരളം 106 പുറത്ത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ടോസ് നേടിയ വിദര്‍ഭ കേരളത്തെ ബാറ്റിങ്ങിനയച്ചു.

കല്‍പ്പറ്റ: ഏഴ് വിക്കറ്റ് പ്രകടനവുമായി ഇന്ത്യന്‍ താരം ഉമേഷ് യാദവ് നിറഞ്ഞാടിയപ്പോള്‍ വിദര്‍ഭയ്‌ക്കെതിരെ രഞ്ജി ട്രോഫി സെമിയുടെ ഒന്നാം ഇന്നിങ്‌സില്‍ കേരളം 106 പുറത്ത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ടോസ് നേടിയ വിദര്‍ഭ കേരളത്തെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ കേവലം 28.4 ഓവറില്‍ കേരളം കൂടാരം കയറി. 37  റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സകോറര്‍. രജ്‌നീഷ് ഗുര്‍ബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിരലിന് പരിക്കേറ്റ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. 

മുഹമ്മദ് അസറുദ്ദീന്‍ (8), സിജോമോന്‍ ജോസഫ് (0), പി. രാഹുല്‍ (9), വിനൂപ് (0), അരുണ്‍ കാര്‍ത്തിക് (4), സച്ചിന്‍ ബേബി (22), ജലജ് സക്‌സേന (7), ബേസില്‍ തമ്പി (10), സന്ദീപ് വാര്യര്‍ (0), നിതീഷ് (6) എന്നിങ്ങനെയാണ് കേരള താരങ്ങളുടെ സ്‌കോറുകള്‍. 12 ഓവറില്‍ വെറും 48 റണ്‍ മാത്രം വിട്ടുനല്‍കിയാണ് ഉമേഷ് ഏഴ് വിക്കറ്റ് വീഴ്ത്തിയത്. സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സുള്ളപ്പോള്‍ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. അസറുദ്ദീനെ ഉമേഷിന്റെ പന്തില്‍ യാഷ് ഠാകൂര്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീടെത്തിയ സിജോമോനെയും ഉമേഷ് മടക്കി അയച്ചു. സഞ്ജയ് രാമസ്വാമി ക്യാച്ചെടുക്കുകയായിരുന്നു. 

രാഹുലിനെ എന്‍. ഗുര്‍ബാനിയുടെ പന്തില്‍ ഫൈസ് ഫസല്‍ ക്യാച്ചെടുത്ത് പുറത്താക്കി. നാല് പന്ത് മാത്രം പിടിച്ചുനിന്ന വിനൂപിനെ ഉമേഷ് മടക്കിയയച്ചു. സഞ്ജുവിന് പകരമെത്തിയ അരുണ്‍ കാര്‍ത്തികിനും ആയുസുണ്ടായിരുന്നില്ല. ഉമേഷ് വീണ്ടും വില്ലനായി. വിക്കറ്റ് കീപ്പര്‍ അക്ഷയ് വഡ്ക്കര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അരുണ്‍ കാര്‍ത്തിക്. അല്‍പ നേരം പിടിച്ചുനിന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാവട്ടെ ഗുര്‍ബാനിയുടെ പന്തില്‍ ബൗള്‍ഡായി. ജലജ് സക്‌സേനയും ഉമേഷിന് വിക്കറ്റ് നല്‍കി മടങ്ങി.  ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവരെ കൂടി ഉമേഷ് തിരിച്ചയച്ചു. നിതീഷിന് സ്വന്തം പന്തില്‍ നിതീഷ് പിടിച്ചു പുറത്താക്കി. വിഷ്ണു വിനോദിന്റെ പ്രകടനമാണ് കേരളത്തന്റെ സ്‌കോര്‍ 100 കടത്തിയത്. 

കേരള ടീം: രാഹുല്‍. പി, മുഹമ്മദ് അസറുദ്ദീന്‍, സിജോമോന്‍ ജോസഫ്, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്‌സേന, ബേസില്‍ തമ്പി, കെ.ബി. അരുണ്‍ കാര്‍്ത്തിക്, സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ്, നിതീഷ് എം.ഡി, വിനൂപ്.

click me!