അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തി, പക്ഷേ ഗില്‍ ഭാവി താരം: സുനില്‍ ഗവാസ്‌കര്‍

By Web TeamFirst Published Jan 31, 2019, 3:06 PM IST
Highlights

ഏകദിന അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഗില്ലിന് ഭാവിയുണ്ടെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഗില്‍ ഒമ്പത് റണ്‍സില്‍ പുറത്തായിരുന്നു.

ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനം ശ്രദ്ധേയമായത് ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയും ട്രെന്‍റ് ബോള്‍ട്ടിന്‍റെ ബൗളിംഗ് മികവും കൊണ്ട് മാത്രമല്ല. ബി സി സി ഐ വിശ്രമം അനുവദിച്ച നായകന്‍ വിരാട് കോലിക്ക് പകരം ടീമിലിടം ലഭിച്ച 19കാരന്‍ ശുഭ്‌‌മാന്‍ ഗില്ലിന്‍റെ അരങ്ങേറ്റമായിരുന്നു മത്സരത്തിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ തകര്‍ച്ചയുടെ കടലാഴങ്ങളിലേക്ക് ഇന്ത്യ കൂപ്പുകുത്തിയ മത്സരത്തില്‍ ഗില്ലിന്‍റെ അരങ്ങേറ്റവും നിരാശയായി.

പത്ത് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്‍റ് ബോള്‍ട്ടിന്‍റെ മാസ്‌മരിക പ്രകടനത്തില്‍ ഇന്ത്യ 92ല്‍ പുറത്തായിരുന്നു. മൂന്നാമനായി ബാറ്റേന്തിയ ഗില്ലിന് 21 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണെടുക്കാനായത്. എന്നാല്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ പറയുന്നത് അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഗില്ലിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഭാവിയുണ്ടെന്നാണ്.

ഹാമില്‍ട്ടണില്‍ ഗില്‍ അല്‍പം ഭയത്തോടെയാണ് ബാറ്റ് ചെയ്തത്. രാജ്യത്തിനായി ആദ്യമായി ബാറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന സ്വാഭാവിക ഭയമാണിത്. ബോള്‍ട്ട് മികച്ച സ്വിങ് കണ്ടെത്തുമ്പോഴും ഗില്ലിന് നേരിടാനായി. താരത്തിന് ഭാവിയുണ്ടെന്നും ഇതിഹാസ താരം പറഞ്ഞു. ഗില്‍ പ്രതിഭാസമ്പന്നനായ ബാറ്റ്സ‌മാനാണെന്ന് നായകന്‍ കോലി കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു.19 വയസില്‍ ഗില്ലിന്‍റെ 10 ശതമാനം മികവ് മാത്രമാണ് താന്‍ കാട്ടിയിരുന്നതെന്നും കോലി അന്ന് വ്യക്തമാക്കി. 

click me!