ഒളിംപിക്സിലെ ഇന്ത്യയുടെ മോശം പ്രകടനം കായികമന്ത്രാലയം പരിശോധിക്കും

By Web DeskFirst Published Sep 8, 2016, 3:52 PM IST
Highlights

ദില്ലി: റിയൊ ഒളിംപിക്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനം കേന്ദ്ര കായികമന്ത്രാലയം പരിശോധിക്കുന്നു. പ്രകടനം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും പ്രതികരണവും തേടി കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ താരങ്ങള്‍ക്ക് കത്തയച്ചു. 118 പേരുടെ ജമ്പോ സംഘവുമായി പോയിട്ടും ഒരു വെള്ളിയിലും വെങ്കലത്തിലും ഒതുങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളുടെ പ്രകടനം കേന്ദ്രകായികമന്ത്രാലയം അവലോകനം ചെയ്യുന്നത്.

താരങ്ങളെ കൂടാതെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, ദേശീയ കായിക ഫെഡറേഷനുകള്‍ എന്നിവയില്‍ നിന്നും കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പ്രതികരണം തേടി. നേരിട്ടോ ഇ-മെയില്‍ മുഖേനയോ താരങ്ങള്‍ക്കും സംഘടനകള്‍ക്കും കേന്ദ്രമന്ത്രിയെ അഭിപ്രായങ്ങളും പരാതികളും അറിയിക്കാം. ഐഒഎ, കായിക ഫെഡറേഷന്‍ ഭാരവാഹികള്‍ എന്നിവരുമായും കായികമന്ത്രി കൂടിക്കാഴ്ച നടത്തി തുടര്‍ നടപടി ചര്‍ച്ച ചെയ്യും.

റിയോയിലെത്തിയ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അച്ചടക്കലംഘനവും വീഴ്ച്ചയും ഉണ്ടായിട്ടുണ്ടെന്ന ആരോപണവും പരാതിയും പരിശോധിക്കും. സ്‌പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന വിജയ് ഗോയല്‍ സൗകര്യങ്ങള്‍ വിലയിരുത്തും. ഈ മാസം 17ന് ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ‍്മിന്റണ്‍ അക്കാദമിയിലെത്തുന്ന കായികമന്ത്രി താരങ്ങളുമായും പരിശീലകരുമായും കൂടിക്കാഴ്ച നടത്തും.

click me!